kannur local

ഇരിട്ടി ടൗണിലെ കൈയേറ്റം ഒഴിപ്പിക്കല്‍: ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാപാരികള്‍

ഇരിട്ടി: ഇരിട്ടി ടൗണിലെ റവന്യൂ ഭൂമിയിലെ കൈയേറ്റം എന്ന പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അളന്നു തിട്ടപ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളും കെട്ടിടം വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തുന്നവരാണ്.
കൈയേറ്റം എന്ന പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകള്‍ക്കോ വ്യാപാരികള്‍ക്കോ നിയമപരമായ ഓരു നോട്ടീസ് പോലും നല്‍കാതെ കടകളില്‍ കയറി അളന്നു തിട്ടപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്.
നേരത്തേ നടന്ന സര്‍വ കക്ഷി തീരുമാന പ്രകാരം ഡ്രെയ്‌നേജിനു മുകളില്‍ തള്ളിനില്‍ക്കുന്ന മുഴുവന്‍ നിര്‍മാണവും വ്യാപാരികള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. റോഡ് വികസനത്തിനു തടസ്സമുണ്ടാക്കുന്ന രീതിയില്‍ വ്യാപാരികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.
പലഘട്ടങ്ങളിലായി നടന്ന അളവില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നു സംശയം തോന്നിയ ചില കെട്ടിട ഉടമകളാണ് കോടതിയെ സമീപിച്ചത്. നഗരവികസനത്തിന് കഴിഞ്ഞ നാളുകളില്‍ നല്ല രീതിയില്‍ സഹകരിച്ച വ്യാപാരികളെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. കൈയേറ്റത്തിന്റെ പേരില്‍ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കിനല്‍കില്ലെന്ന തീരുമാനം പ്രതിഷേധാര്‍ഹമാണ്.
ഇത്തരം നടപടിയെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റജി തോമസ്, അയ്യൂബ് പൊയിലന്‍, കെ അബ്ദുന്നാസി ര്‍, എം പി അബ്ദുല്‍ കാദര്‍ ഹാജി, കെ അബ്ദുര്‍റഹ്്മാന്‍, എന്‍ സജേഷ് ബാബു, ഹാഷിം പങ്കെടുത്തു.

Next Story

RELATED STORIES

Share it