kannur local

ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കണമെന്ന് ആവശ്യം

ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ മിനി സിവില്‍ സ്റ്റേഷന്‍ അനിവാര്യമാണെന്ന് യോഗം ആഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് പ്രതിനിധി ഇബ്രാഹീം മുണ്ടേരിയാണ് വിഷയം ഉന്നയിച്ചത്.
സിവില്‍ സ്റ്റേഷന്റെ രൂപരേഖയും എസ്റ്റിമേറ്റും നേരത്തേ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിച്ചതാണെന്നും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടെന്നും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
ജൂണ്‍ മാസത്തെ മഴയില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് ജില്ലയില്‍ ഇരിട്ടി താലൂക്കിലാണ്. 18 വീടുകള്‍ പൂര്‍ണമായും 100ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആദ്യഘട്ട സഹായമായി 19,42,770 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായും തുക ഉടന്‍ കൈമാറുമെന്നും തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ യോഗത്തെ അറിയിച്ചു. കെഎസ്ടിപി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി പട്ടണത്തിലെ വികസനത്തിനായുള്ള സര്‍വേ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതായും കൈയേറ്റം കണ്ടെത്തിയ മേഖലകളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതായും കൈയേറ്റം ബോധ്യപ്പെട്ടവര്‍ സ്വമേധയ പൊളിച്ചുമാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെഡ് സര്‍വേയര്‍ മുഹമ്മദ് പറഞ്ഞു. ഇരിട്ടി പാലത്തില്‍ ചരക്കുലോറികള്‍ ഉള്‍പ്പെടെ കുടുങ്ങി അടിക്കടിയുണ്ടാവുന്ന ഗതാഗതതടസ്സം പരിഹരിക്കാന്‍ നടപടി വേണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു.
മേഖലയില്‍ അടിക്കടിയുണ്ടാവുന്ന വൈദ്യുതി തടസ്സവും യോഗത്തില്‍ ചര്‍ച്ചയായി. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കടപുഴകാറായ മരങ്ങള്‍ പലയിടങ്ങളിലും മുറിച്ചുമാറ്റാന്‍ ഉടമയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരക്കാര്‍ക്ക് നോട്ടീസ് നല്‍കിവരികയാണെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ടി ബിജു പറഞ്ഞു. യോഗത്തില്‍ പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് അധ്യക്ഷത വഹിച്ചു. അയ്യംങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് സലീന്‍ മാണി, വി വി ചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it