kannur local

ഇരിട്ടിയില്‍ മഴക്കാലരോഗ പ്രതിരോധത്തിന് വിപുലമായ ഒരുക്കങ്ങള്‍



ഇരിട്ടി: നിയോജക മണ്ഡലം പരിധിയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. വാര്‍ഡ്തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞദിവസം അഡ്വ.സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഈമാസം 31നകം മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത്് തലങ്ങളില്‍ വിപുലമായ യോഗങ്ങള്‍ വളിച്ചുചേര്‍ക്കുവാനും വാര്‍ഡുകളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാനും സ്‌ക്വാഡുകള്‍ രൂപീകരിക്കും. പകര്‍ച്ചവ്യാധികള്‍ തടയുകയും, കൊതുക് നശീകരണവും ഭവനസന്ദര്‍ശന ബോധവല്‍ക്കരണവും വാര്‍ഡ് ശുചീകരണ സ്‌ക്വാഡുകളുടെ ചുമതലയാണ്. റബ്ബര്‍, കവുങ്ങ്, കശുമാവ് തോട്ടങ്ങളിലെ കൊതുക് നശീകരണത്തിന് തോട്ടം ഉടമകളെ വിളിച്ചുചേര്‍ത്ത് പഞ്ചായത്തുതല കമ്മിറ്റികള്‍ നിര്‍ദേശം നല്‍കും. പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തുവാനും കമ്മിറ്റിക്ക് അധികാരമുണ്ട്. വാര്‍ഡ്തല ശുചീകരണത്തിന് നല്‍കുന്ന ഫണ്ടുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക്് സാധിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്നും മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്‍ ടി റോസമ്മ, നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, മാര്‍ഗരറ്റ് ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ ശ്രീധരന്‍, മൈഥിലി രമണന്‍, സെലിന്‍ മാണി, ജിജി ജോയ്, ഷിജി നടുപ്പറമ്പില്‍, ഷീജ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രേഖ, ഇരിട്ടി താലൂക്ക് സൂപ്രണ്ട് ഡോ.രവീന്ദ്രന്‍, നഗരസഭാ ആരോഗ്യാകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മോഹനന്‍, ഡോ.ത്രേസ്യാമ്മ സംസാരിച്ചു.
Next Story

RELATED STORIES

Share it