kannur local

ഇരിട്ടിയില്‍ ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിച്ചു

ഇരിട്ടി: ഇരിട്ടി ഉള്‍പ്പടെ ആറ് താലൂക്കുകളില്‍ പുതുതായി ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പേരാമ്പ്ര, നന്മണ്ട, കാട്ടാക്കട, തൃപ്രയാര്‍, വെള്ളരിക്കുണ്ട് എന്നീ താലൂക്കുകളുടെ ഒപ്പമാണ് ഇരിട്ടി താലൂക്കിലും ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിച്ചത്. ഇതോടൊപ്പം വിവിധ തസ്തികകളിലെ 20 നിയമനങ്ങളും അംഗീകരിച്ചു. 1 ജെആര്‍ടി ഓഫിസര്‍, 2 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, 3 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, 1 ജൂനിയര്‍ സൂപ്രണ്ട്, 1 ഹെഡ് ക്ലര്‍ക്ക്, 1 ടൈപിസ്റ്റ്, 2 ഓഫിസ് അസിസ്റ്റന്റ്, 6 ക്ലാര്‍ക്ക് എന്നീ തസ്തികകളാണ് അനുവദിച്ചത്. ഇരിട്ടി താലൂക്ക് അനുവദിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇരിട്ടിയില്‍ ഡ്രൈവിങ് പരിശീലന കേന്ദ്രം അനുവദിച്ചിരുന്നെങ്കിലും മറ്റാവശ്യങ്ങള്‍ക്കെല്ലാം ജനങ്ങള്‍ ഇപ്പോഴും തലശ്ശേരി ജോയിന്റ് ആര്‍ടി ഓഫിസിനെ ആശ്രയിക്കണം. താലൂക്കില്‍ പുതുതായി ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിച്ചെങ്കിലും എവിടെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനുബന്ധ ഓഫിസുകള്‍ മുഴുവനും ആസ്ഥാനമായ ഇരിട്ടിയില്‍ തന്നെ വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി വാദിക്കവെ മാസങ്ങള്‍ക്കു മുമ്പ് താലൂക്കില്‍ അനുവദിച്ച എക്‌സൈസ് ഓഫിസ് മട്ടന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. താലൂക്കിലെ മുഖ്യ ഓഫിസായ റവന്യൂ വിഭാഗവും ഇലക്ഷന്‍ ഡസ്‌കും സിവില്‍ സപ്ലെസ് ഓഫിസും ഇരിട്ടി നഗരത്തിലാണു പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it