kannur local

ഇരിട്ടിയിലെ കെഎസ്ടിപി റോഡ് വികസനം: കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാനപാതയുടെ നവീകരണ ഭാഗമായി ഇരിട്ടി ടൗണില്‍ കെഎസ്ടിപി റോഡ് വികസിപ്പിക്കാന്‍ റവന്യൂ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ശക്തമാക്കുന്നു. നഗരത്തിലെ കൈയേറ്റഭാഗങ്ങള്‍ വ്യാപാരികളുടെയും കെട്ടിടം ഉടമകളുടെയും സാന്നിധ്യത്തില്‍ അളന്നുതിരിച്ചിട്ടും സ്വമേധയാ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ഇല്ലാത്തിനെ തുടര്‍ന്നാണ് റവന്യൂ സംഘം നിയമ വിധേയമായ മാര്‍ഗങ്ങളിലേക്ക് നീങ്ങിയത്.
ചില കെട്ടിടം ഉടമകളും വ്യാപാരികളും സ്വയം പൊളിച്ചുനീക്കി ടൗണ്‍ വികസനത്തോട് സഹകരിച്ചെങ്കിലും ഇത് പൂര്‍ണമാവാത്തതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നഗരത്തിലെ കെട്ടിട ഉടമകളില്‍ നിന്നു നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം നികുതിയടക്കാനെത്തിയ കെട്ടിടം ഉടമകളോട് പുറമ്പോക്കും റവന്യൂ ഭൂമിയും കൈയേറിയിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നികുതി സ്വീകരിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നും കാണിച്ച് ഇരിട്ടി തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. സ്വമേധയാ പൊളിച്ചുനീക്കിയ വ്യാപാരികള്‍ക്ക് വൈദ്യുതി കണക്ഷനുള്ള മീറ്ററുകള്‍ കാലതാമസമില്ലാതെ മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടിടെയുക്കണമെന്നും തഹസില്‍ദാര്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളില്‍ നിന്നും കെഎസ്ഇബി അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി അപേക്ഷ എഴുതി വാങ്ങാനുള്ള സൗകര്യവും ഉണ്ടാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
കൈയേറ്റം പൊളിച്ചുനീക്കുന്നതിനെതിരേ ചില വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയിട്ടുണ്ട്. വ്യാപാരികളെയും കെട്ടിടം ഉടമകളുടെയും യോഗം വിളിച്ചുചേര്‍ത്ത് സംയുക്ത സര്‍വേ നടത്താന്‍ തീരുമാനിച്ചതും കൈയേറ്റം അളന്നു ബോധ്യപ്പെടുത്തിയതും സ്വമേധയാ പൊളിച്ചു നീക്കാമെന്ന് വ്യാപാരികളും കെട്ടിടം ഉടമകളും നേരത്തെ ഉറപ്പു നല്‍കിയിരുന്നതുമാണ്. ഇക്കാരണത്താല്‍ സ്റ്റേ കോടതിയില്‍ നിന്നു നീട്ടിക്കിട്ടില്ലെന്നാണ്് റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇരിട്ടിയില്‍ പഴയ പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഏറ്റെടുത്തത്. നിലവില്‍ ടൗണിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഓവുചാലുകള്‍ മാറ്റി ശാസ്ത്രീയമായ രീതിയില്‍ പുതിയ ഓവുചാലുകള്‍ നിര്‍മിക്കാനാണ് റവന്യു ഭൂമി കൂടി പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇതിനായി ടൗണില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ കൈയേറ്റം കണ്ടെത്തിയത്. പുതിയ പാലം മുതല്‍ പയഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ ചിലയിടങ്ങില്‍ രണ്ട് മീറ്ററിലധികമാണ് റവന്യൂ ഭൂമി കൈയേറി കെട്ടിടം നിര്‍മിച്ചതായി കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി കൈയേറി കൈവശം വച്ചിരിക്കുന്ന ഭാഗം പൊളിച്ചുനീക്കി നഗരത്തിന്റെ പൊതുവായ വികസനത്തോട് സഹകരിക്കണമെന്ന നിലപാടിനോടാണ് ചിലര്‍ മുഖം തിരിച്ചുനില്‍ക്കുന്നത്.

Next Story

RELATED STORIES

Share it