kannur local

ഇരിട്ടിയിലെ കെഎസ്ടിപി റോഡ് വികസനം; തീരുമാനമായില്ല

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി ടൗണിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കാനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. ടൗണ്‍ റോഡില്‍ നിര്‍മാണ പ്രവ്യത്തികള്‍ നടത്തുമ്പോഴുണ്ടാവുന്ന പ്രയാസങ്ങളും റോഡ് വീതികൂട്ടലിനു കെഎസ്ടിപി ഏറ്റെടുത്ത ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതുമായും ബന്ധപ്പെട്ട്് അഭിപ്രായങ്ങള്‍ സ്വരൂപിക്കാനാണ് സണ്ണിജോസഫ് എംഎല്‍എ വ്യാപാരികളുടെയും കെഎസ്ടിപി അധികൃതരുടേയും യോഗം വിളിച്ചത്.
ഇരിട്ടി പാലം മുതല്‍ പുതിയ സ്റ്റാന്റ് റോഡ് വരെയുള്ള ഭാഗങ്ങളില്‍ വ്യാപകമായ കൈയേറ്റം കണ്ടെത്തിയിരുന്നു. കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കി വേണം റോഡ് വീതികൂട്ടി അനുബന്ധപ്രവൃത്തികള്‍ നടത്താന്‍. കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ കെട്ടിടം ഉടമകളെയും വ്യാപാരികളെയും ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. എന്നാല്‍ 10 ദിവസത്തില്‍ കൂടുതല്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ 26ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു.
ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ രൂപരേഖയില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇതുമൂലം പുതിയ പാലത്തിലേക്ക് ചേരുംവിധം നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റം വരും. ഇതിനായി നേരത്തേ ഏറ്റെടുത്ത ഭാഗത്തെ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചുമാറ്റണം.
ടൗണിലെ നിലവിലുള്ള ഓവുചാലുകള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിനായി നിലവില്‍ അംഗീകരിച്ച പ്രൊജക്റ്റ് റിപോര്‍ട്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ടൗണിലെ റോഡിന്റെയും ഓവുചാലുകളുടേയും നിര്‍മാണ പ്രവ്യത്തികള്‍ രാത്രികാലങ്ങളില്‍ മാത്രം നടത്തും. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള സംവിധാനം ഒരുക്കും. ടൗണ്‍ റോഡ് വികസനത്തോടൊപ്പം സൗന്ദര്യവല്‍കരണവും പൂര്‍ത്തിയാക്കും. ടൗണില്‍ മുഴുവന്‍ ലൈറ്റുകളും ആവശ്യമായ സ്ഥലങ്ങളില്‍ ചെടികളും പുല്ലുകളും വളര്‍ത്തും.
ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ടൗണ്‍ വാര്‍ഡംഗം റുബീനാ റഫീഖ്, നിര്‍മാണ കമ്പനി ഡപ്യെുട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രബിന്ത്, പ്രൊജക്റ്റ് മാനേജര്‍ എം ബി സുരേഷ്, ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജര്‍ ശ്രീരാജ്, പിആര്‍ഒ സനീഷ് തുടങ്ങിയവരും വ്യാപാരി പ്രതിനിധികളായ അയ്യൂബ് പൊയിലന്‍, തോമസ്, റെജി തോമസ്, കെ അബ്ദുന്നാസിര്‍, പി മുസ്തഫ ഹാജി പങ്കെടുത്തു.
Next Story

RELATED STORIES

Share it