kannur local

ഇരിട്ടിയിലും മട്ടന്നൂരിലും പകര്‍ച്ചപ്പനി വ്യാപിക്കുന്നു ; പനി ബാധിച്ച് ഇന്നലെ ഒരു മരണം



ഇരിട്ടി: ഇരിട്ടി, മട്ടന്നൂര്‍ മേഖലകളിലും ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപിക്കുന്നു. പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ മധ്യവയസ്‌ക മരണപ്പെട്ടു. കീഴ്പള്ളി പുതിയങ്ങാടിയിലെ തീയാന്‍ വീട്ടില്‍ ഖദീജ (65) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയത്. നിലവില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ 18 പേര്‍ ചികില്‍സയിലാണ്. പനി ബാധിച്ച് ദിനേന ധാരാളം പേരാണ് താലൂക്ക് ആശുപത്രിയിലെത്തുന്നത്.മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ തിരക്കാണ്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫോഗിങ്, ഗൃഹസന്ദര്‍ശനം, ബോധവല്‍ക്കരണം തുടങ്ങി രോഗവ്യാപനം തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തില്ലങ്കേരിയില്‍ ഡെങ്കിപ്പനി ഗുരുതരമായതിനെ തുടര്‍ന്ന് ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാസന്ന നിലയിലേക്ക് മാറ്റി. ഇടവിട്ട് മഴ പെയ്തതാണ് മട്ടന്നൂര്‍ മേഖലയില്‍ പനി വ്യാപിക്കാന്‍ കാരണം. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ഇന്നലെ 11 പേര്‍ ചികില്‍സ തേടി. തില്ലങ്കേരി, വാഴക്കാല്‍, വട്ടപ്പറമ്പ്, തെക്കംപൊയില്‍, പള്ള്യം, പുള്ളിപ്പൊയില്‍ പ്രദേശങ്ങളിലും പകര്‍ച്ചപ്പനി രൂക്ഷമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തില്ലങ്കേരി ലക്ഷംവീട് കോളനിയില്‍ ഫോഗിങ് നടത്തി.
Next Story

RELATED STORIES

Share it