thrissur local

ഇരിങ്ങാലക്കുടയില്‍ പ്രകൃതിസൗഹൃദ വ്യവസായ പാര്‍ക്കിന് ചിറകുവയ്ക്കുന്നു

ഇരിങ്ങാലക്കുട: വ്യവസായ വകുപ്പിന്റെ കീഴില്‍ വരുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ വ്യവസായ പാര്‍ക്ക് ഇരിങ്ങാലക്കുടയില്‍ ഉടന്‍ പ്രവൃത്തി പഥത്തിലെത്തിയേക്കും. പടിയൂര്‍ വില്ലേജില്‍ ഇതിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഉന്നതതല സംഘമെത്തി. ജില്ലയിലെ ചെറുകിട വ്യവസായികള്‍ പരിപോഷിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പടിയൂര്‍ പഞ്ചായത്തിലെ പടിയൂര്‍ വില്ലേജിലാണ് വ്യവസായ പാര്‍ക്കിനായുള്ള 88 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ അംഗങ്ങളുമായിട്ടുള്ള സൈറ്റ് സെലക്ഷന്‍ കമ്മിറ്റി നേരത്തെ സ്ഥലം സന്ദര്‍ശിക്കുകയും ഈ സ്ഥലം വ്യവസായ പാര്‍ക്കിന് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വ്യവസായ പാര്‍ക്ക് പ്രവൃത്തി പഥത്തിലെത്തുന്നതോടെ അഞ്ഞൂറോളം ചെറുതും വലുതമായ വ്യവസായങ്ങള്‍ ഇവിടെ വരും. ആയിരം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഴിക്കുന്നതിനുള്ള സാഹചര്യമുണ്ടാവും. പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പടിയൂര്‍ പഞ്ചായത്തിന് സാമ്പത്തികമായി ഉയര്‍ച്ചക്കും ഇതു കാരണമാവും.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഒരു വ്യവസായ പാര്‍ക്കാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമെന്നതും ഈ വ്യവസായ പാര്‍ക്കിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ റവന്യു അധികൃതര്‍ക്ക് ഉന്നതല സംഘത്തോടൊപ്പമുണ്ടായിരുന്ന ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ നിര്‍ദേശം നല്‍കി. വ്യവസായ വാണിജ്യ ഡയറക്ടര്‍ പിഎം ഫ്രാന്‍സിസ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ സലാഹുദ്ദീന്‍, താലൂക്ക് വ്യവസായ ഓഫിസര്‍മാരായ ആര്‍ സ്മിത, ജലജ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്, വില്ലേജ് ഓഫിസര്‍ ബുഷ്‌റ എന്നിവരര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it