kannur local

ഇരിക്കൂറില്‍ വിമത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

ഇരിക്കൂര്‍: കെ സി ജോസഫിനെതിരേ സേവ് കോണ്‍ഗ്രസ് ഫോറം രൂപീകരിക്കുകയും മണ്ഡലം കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന്റെ പുതിയ മണ്ഡലം കമ്മിറ്റി യോഗം ഡിസിസി പ്രസിഡന്റിനോട് ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.
എട്ടാം തവണയും ഇരിക്കൂറില്‍ കെ സി ജോസഫ് മല്‍സരിക്കുന്നതിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച ഉടന്‍ തന്നെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം കെ ആര്‍ അബ്ദുല്‍ ഖാദര്‍ രാജിവച്ചിരുന്നു. ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ ചെയ്തത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമനുസരിച്ച് യുവ നേതാക്കളെ സ്ഥനാര്‍ഥിയാക്കണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്.
യുഡിഎഫിലെ ഘടകകക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി കണ്‍വന്‍ഷന്‍ നടത്തിയിരുന്നു. മണ്ഡലം കണ്‍വന്‍ഷനില്‍ 100ഓളം പേരാണ് പങ്കെടുത്തത്. ഐഎന്‍ടിയുസി ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് കാരോത്ത് ഉല്‍പ്പെടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കാന്‍ ഡിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് ഭവനില്‍ നടന്ന പുതിയ മണ്ഡലം കമ്മിറ്റി യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ഉദ്ഘാടനം ചെയതു. നിയുക്ത മണ്ഡലം പ്രസിഡന്റ് വി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ അബ്ദുസ്സലാം ഹാജി, എം പി ഹാരിസ്, കെ പി കരുണാകരന്‍, കെ വി പത്മാനാഭന്‍, പി മുനീറുദ്ദിന്‍, കെ അസൈനാര്‍, കെ അബൂബക്കര്‍, എന്‍ വി മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it