kannur local

ഇരിക്കൂറിലും പേരാവൂരിലും കോണ്‍ഗ്രസ് വിമതര്‍ രംഗത്ത്

കണ്ണൂര്‍: മന്ത്രി കെ സി ജോസഫ് മല്‍സരിക്കുന്ന ഇരിക്കൂറിലും് സിറ്റിങ് എംഎല്‍എ അഡ്വ. സണ്ണിജോസഫ് മല്‍സരിക്കുന്ന പേരാവൂരിലും കോണ്‍ഗ്രസ് വിമതര്‍ മല്‍സര രംഗത്ത്. നേരത്തേ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ ജെ ജോസഫാണ് വിമത ഭീഷണിയുയര്‍ത്തുന്നത്. കര്‍ഷക സംരക്ഷണസമിതിയുടെ ബാനറിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക.
പേരാവൂരില്‍ താന്‍ മല്‍സരിക്കുമെന്നും ഇരിക്കൂറിലെ സ്ഥാനാര്‍ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കെ ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയ ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഇരിക്കൂറില്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കും. കര്‍ഷകരെയും ആദിവാസി വിഭാഗത്തെയും വഞ്ചിക്കുന്ന തരത്തിലാണ് പേരാവൂര്‍ എംഎല്‍എയുടെ പ്രവര്‍ത്തനം. തിരഞ്ഞെടുപ്പിനു മുമ്പ് ആറളം ഫാമില്‍ ആദിവാസികള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചില്ല.
രണ്ട് മണ്ഡലത്തിലും റോഡ് പ്രവൃത്തികളാണ് പ്രധാന വികസന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ അഴിമതി ഒളിഞ്ഞു കിടപ്പുണ്ടെന്നും പല റോഡുകളുടെയും പ്രവൃത്തി നേരത്തെ ഉണ്ടായ ഡെന്‍ഡര്‍ പ്രകാരം ചെയ്തു തീര്‍ക്കാതെ ആറു കോടിയോളം കോണ്‍ഡ്രാക്ടര്‍മാര്‍ക്ക് വകയിരുത്തിയാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. തലശേരി-വളവുപാറ കെഎസ്ടിപി റോഡ് പദ്ധതിയുടെ മറവില്‍ 150 കോടിയോളം അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റിനു കത്ത് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ വികസനം മാത്രമാണ് പ്രധാന മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ഗുരുതര പ്രതിസന്ധിയാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ചത്. യുപിഎ സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്ക് അനുകൂലനിലപാട് സ്വീകരിച്ചതാണ് റബര്‍മേഖലയെ പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ തിരുത്തല്‍ വേണമെന്ന് നിര്‍ദേശിച്ചതിനാണു തന്നെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി എം പൗലോസും പങ്കെടുത്തു.
Next Story

RELATED STORIES

Share it