Kollam Local

ഇരവിപുരം,താന്നി മേഖലകളില്‍ കടലാക്രമണം രൂക്ഷം



ഇരവിപുരം: മയ്യനാട്, കാക്കത്തോപ്പ്, ഇരവിപുരം, താന്നി മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പല ഭാഗത്തും കര കടലെടുത്തു. ഈ പ്രദേശങ്ങളില്‍  വെള്ളം ശക്തമായി കരയിലേക്ക് അടിച്ചുകയറുകയാണ്. ചില സ്ഥലങ്ങളില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കടല്‍ ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കടല്‍ക്ഷോഭം രൂക്ഷമായ ഇരവിപുരം പള്ളിനേര് തീരം എം നൗഷാദ് എംഎല്‍എ ഇന്നലെ സന്ദര്‍ശിച്ചു. ഇരവിപുരം മണ്ഡലത്തിലെ കടലാക്രമണം ശക്തമായ ജനവാസമേഖലകളിലെ കടല്‍ഭിത്തി ശക്തിപ്പെടുത്താനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച അടിയന്തര സഹായമായ 46  ലക്ഷം രൂപ  ഉപയോഗിച്ചാണ് ഇത്. ഇരവിപുരം തീരത്തു നാലു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും എം നൗഷാദ് എം എല്‍ എ പറഞ്ഞു. പുലിമുട്ട് നിര്‍മാണത്തിനുള്ള പദ്ധതി അടങ്കല്‍ ഭരണാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ ഇരവിപുരം തീരത്തു അഞ്ചു പുതിയ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ തുക വകയിരുത്തിയിരുന്നു. കാക്കത്തോപ്പില്‍ പുലിമുട്ടുനിര്‍മാണത്തിനു 10.5 കോടി രൂപയുടെയും താന്നിയില്‍ പുലിമുട്ട് നിര്‍മിക്കാന്‍ 3.6 കോടി രൂപയുടെയും ലക്ഷ്മിതോപ്പില്‍ പുലിമുട്ട് നിര്‍മിക്കാന്‍ 3.7 കോടി രൂപയുടെയും ഗാര്‍ഫില്‍ നഗറില്‍ പുലിമുട്ട് നിര്‍മിക്കാന്‍ 2.65 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടിട്ടുള്ളത്. ഇതിനു പുറമെ ഇരവിപുരം പാലം മുതല്‍ മുക്കം പൊഴി വരെയുള്ള തീരദേശ റോഡ് വീതി കൂട്ടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ 4.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലക്ഷ്മിപുരം തോപ്പിലെ നിലവിലുള്ള പുലിമുട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 3.25  കോടി രൂപയുടെ പദ്ധതിക്ക് തുറമുഖ എന്‍ജിനിയറിങ് വകുപ്പിന് ഭരണാനുമതി ലഭിച്ചു കഴിഞ്ഞതായും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it