ഇരവികുളത്ത് വരയാടിന്‍ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ്

തൊടുപുഴ: രാജമലയിലെ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ഇതേവരെ കാണാത്ത വിധത്തിലുള്ള വര്‍ധനവിലൂടെ വരയാടിന്‍ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ്. 92 വരയാടിന്‍ കുട്ടികളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. സെന്‍സസ് പൂര്‍ത്തിയാവാനിരിക്കെ എണ്ണം നൂറു കവിയുമൊണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 74 വരയാടിന്‍ കുട്ടികളെയാണു കണ്ടെത്തിയിരുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലെ 13 സ്ഥലങ്ങളിലായി നടന്ന കണക്കെടുപ്പില്‍ വരട്ടുകുളം, കുരിശുമല ഭാഗത്താണ് ഏറ്റവും കൂടുതല്‍ ആട്ടിന്‍കുട്ടികളെ കണ്ടെത്താനായത്, 22 എണ്ണം. ടൂറിസം സോണില്‍ 17 കുട്ടികളും എരുമപ്പെട്ടിമല, വരയാട്ടുമൊട്ട ഭാഗത്ത് 12 കുട്ടികളെയും കണ്ടെത്തി. വെല്‍വര്‍മൊട്ടയിലും ഇറച്ചിപ്പാറയിലുമാണ് ഏറ്റവും കുറവ്, രണ്ടു വീതം. 437 മുതിര്‍ന്ന ആടുകള്‍ ഉള്‍പ്പടെ ആകെ 529 ആടുകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയത്ത് ഇരവികുളം നാഷനല്‍ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. ആറുമാസമാണ് ഇവയുടെ ഗര്‍ഭധാരണ കാലം. ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് ഇവ ഇണചേരുക. ലോകത്താകമാനമുള്ള വരയാടുകളില്‍ മൂന്നിലൊന്നും പശ്ചിമഘട്ട മലനിരകളിലാണുള്ളത്. ഏപ്രില്‍ 2നാണ് പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വരയാടിന്‍ കുട്ടികള്‍ ഇനിയും പിറക്കാനിടയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.
Next Story

RELATED STORIES

Share it