Idukki local

ഇരട്ടയാറില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

ഇരട്ടയാര്‍: ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇരു മുന്നണികളും ആറുവീതം അംഗങ്ങളുമായി നടത്തുന്ന ബലപരീക്ഷണത്തില്‍ യുഡിഎഫ് വിമതരുടെ നിലപാട് നിര്‍ണായകമാവും.
ഇവര്‍ നിഷ്പക്ഷത പാലിച്ചാല്‍ നറുക്കെടുപ്പായിരിക്കും വിധി നിര്‍ണയിക്കുക.വിമത അംഗങ്ങളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു സ്ഥാനമാനങ്ങള്‍ നല്‍കി പിന്തുണ നേടി അധികാരത്തിലേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടേത്. മണ്ഡലം പ്രസിഡന്റ് ജോസ് വാട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. വിമത അംഗങ്ങള്‍ പുറത്തു നിന്നു പിന്തുണച്ചാല്‍ സ്വീകരിക്കും. 14 അംഗ ഭരണസമിതയാണ് പഞ്ചായത്തില്‍ .ഇടതു-വലതു മുന്നണികള്‍ ആറുവീതം സീറ്റാണ് നേടിയത്. രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് വിമതരാണ് ജയിച്ചത്. യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനും ഇടതിനു അധികാരത്തിലെത്താനും ഇവരുടെ സഹായം കൂടിയേ തീരൂ.
വിമത അംഗങ്ങള്‍ ഇതുവരെയും നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ പ്രസിഡന്റു സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദ്യംതന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ഇത് കേരളാ കോണ്‍ഗ്രസ് എമ്മും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്.ഇനി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഏഴും കേരളാ കോണ്‍ഗ്രസി(എം)ന് ആറും ഉള്‍പ്പെടെ 13 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. എന്നാല്‍ കേരളാ കോണ്‍ഗ്രസി(എം)നായിരുന്നു ആദ്യത്തെ രണ്ടരവര്‍ഷം പ്രസിഡന്റു സ്ഥാനം. തിരഞ്ഞെടുപ്പില്‍ വിമതരായവര്‍ക്കും അവരെ പിന്തുണച്ചവര്‍ക്കുമെതിരെ നിലപാട് കടുപ്പിക്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.അഞ്ചാം വാര്‍ഡിലെ പ്രിയ രവീന്ദ്രനും 14ാം വാര്‍ഡിലെ ജോസുകുട്ടി അരീപ്പറമ്പിലുമാണ് കോണ്‍ഗ്രസ് വിമതരായി ജയിച്ചത്.
പ്രസിഡന്റു പദവി വനിതാ സംവരണമായ ഇത്തവണ 12ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന റാണി ജോസഫ് മാത്രമാണു കോണ്‍ഗ്രസിലുള്ള വനിതാ പ്രതിനിധി. കേരളാ കോണ്‍ഗ്രസി(എം)ന് പിആര്‍ ശ്രീകല, ആനിയമ്മ ജോസഫ് എന്നീ രണ്ട് വനിതാ പ്രതിനിധികളുണ്ട്.
ഇടതുപക്ഷത്ത് സി.പി.എമ്മിന് ആകെയുള്ള രണ്ട് പ്രതിനിധികളും പുരുഷന്‍മാരാണ്. എന്നാല്‍ എല്‍.ഡി.എഫിനൊപ്പം നിന്നു മത്സരിച്ച് ജയിച്ച ഇരട്ടയാര്‍ സംരക്ഷണ സമിതിയുടെ നാല് പ്രതിനിധികളും വനിതകളാണ്.
Next Story

RELATED STORIES

Share it