malappuram local

ഇരട്ടപ്പെരുമയുമായി മഞ്ചേരി തുറക്കല്‍ ഗ്രാമം

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ഇരട്ട ജനനത്തിന്റെ കൗതുകലോകത്തിലേക്ക് ജാലകം തുറന്ന് മഞ്ചേരിയിലെ തുറക്കല്‍ ഗ്രാമം. ഇവിടെ എച്ച്എംഎസ്എയുപി സ്‌കൂളില്‍ പഠിക്കുന്നത് 25 ജോടി ഇരട്ടകളാണ്. കാഴ്ചയില്‍ വ്യത്യാസങ്ങളേതും കണ്ടെത്താനാവാത്ത രണ്ട് ഒരേ മുഖങ്ങള്‍. വിദ്യാലയത്തിലെ ഓരോ ക്ലാസിലുമുണ്ട് ഈ കൗതുകം. ഇരട്ടപെരുമയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച കൊടിഞ്ഞി ഗ്രാമത്തിന്റെ മറ്റൊരു പതിപ്പാവുന്നു തുറക്കലും. ശാസ്ത്രത്തിനു മുന്നില്‍ ഇന്നും ഉത്തരംകിട്ടാത്ത കൗതുകമായി അവശേഷിക്കുന്ന ഇരട്ടപ്പെരുമയുടെ രഹസ്യത്തെചൊല്ലി ഈ നാട് ആകുലപ്പെടുന്നില്ല. ഇരട്ടജന്മങ്ങളെ പിണഞ്ഞുനില്‍ക്കുന്ന അന്ധ വിശ്വാസങ്ങള്‍ക്കും ചെവികൊടുക്കാതെ ഗ്രാമവും വിദ്യാലയവും സാമ്യതയുടെ കാഴ്ച വസന്തം ആസ്വദിക്കുന്നു. വിദ്യാലയത്തിലിത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനിക്കുന്ന അമളികളും ഒട്ടും കുറവല്ല. ഒരേ മുഖങ്ങള്‍ പലയിടങ്ങളിലായി കാണുമ്പോള്‍ ആരോടാണ് അല്‍പം മുമ്പ് സംസാരിച്ചതെന്നു പോലും ഓര്‍ത്തെടുക്കാനാവാറില്ലെന്ന് പ്രധാനാധ്യാപിക രാജേശ്വരി പറയുന്നു. കുട്ടികളുടെ പേരന്വേഷിച്ചു മാത്രം സംസാരിക്കേണ്ട അവസ്ഥയിലാണ് അധ്യപകരും സഹപാഠികളും. തുറക്കലിന്റെ സമീപ പ്രദേശങ്ങളില്‍ തന്നെയുള്ളവരാണ് 25 ജോടി ഇരട്ടകളും. ഇരട്ട ജനനത്തിന്റെ വസ്തുത അന്വേഷിച്ച് കൊടിഞ്ഞിയെ അലോസരപ്പെടുത്തിയ പോലെ തുറക്കലിലേക്ക് ഇതുവരെയാരും എത്തിയിട്ടില്ല. വിദ്യാലയത്തില്‍ ഇരട്ട സഹോദരങ്ങളുടെ സംഗമം സംഘടിപ്പിച്ചത് കാഴ്ച വിസ്മയമായി. വസ്ത്രത്തിലും രൂപത്തിലും ഭാവത്തിലും സാമ്യത കൈവിടാത്ത 25 സഹോദര ജോടികള്‍. പ്രൈമറി ക്ലാസുകളിലെ കുരുന്നുകളും വലിയ കുട്ടികളുംവരെ സാമ്യതയിലുള്ള സാഹോദര്യത്തില്‍ ഇവിടെ അഭിമാനിക്കുന്നു. ജാതിമത വേലിക്കെട്ടുകളില്ലാതെ ഇരട്ടയിലൂന്നിയ അപൂര്‍വ സൗഹൃദ വലയത്തുകൂടിയാണ് ശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കാതെ ഇവര്‍ രൂപം നല്‍കുന്നത്.
Next Story

RELATED STORIES

Share it