ഇരട്ടനീതി വിവാദം കൊഴുക്കുന്നു: മന്ത്രി കെ ബാബുവിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയത് നിയമോപദേശം തേടാതെ

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത് നിയമോപദേശം തേടാതെയെന്നു കണ്ടെത്തല്‍. ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കുന്ന പ്രാഥമികാന്വേഷണ റിപോര്‍ട്ടിന് വിജിലന്‍സ് ഡയറക്ടറാണ് അംഗീകാരം നല്‍കിയത്.
എന്നാല്‍, മാണിക്കെതിരായ കേസിലെ ദ്രുതപരിശോധനാ റിപോര്‍ട്ടില്‍ രണ്ടുതവണയായിരുന്നു വിജിലന്‍സ് നിയമോപദേശം തേടിയത്. ഇതോടെ ബാര്‍ കോഴക്കേസില്‍ ഇരട്ടനീതിയെന്ന പ്രതിപക്ഷത്തിന്റെയും കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്. അതേസമയം, പ്രാഥമികാന്വേഷണ റിപോര്‍ട്ടില്‍ ബാബുവിനെതിരേ കേസെടുക്കണമെന്നോ കൂടുതല്‍ അന്വേഷണം നടത്തണമെന്നോ പ്രത്യേക ശുപാര്‍ശയില്ലാത്തതിനാലാണ് നിയമോപദേശം തേടാതിരുന്നതെന്നാണ് വിജിലന്‍സിന്റെ ന്യായീകരണം. കെ ബാബുവിനെതിരായ കോഴയാരോപണത്തില്‍ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിനെതിരേയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിലായിരുന്നു വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി ജൂണ്‍ ആറിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേശ് സമര്‍പ്പിച്ച റിപോര്‍ട്ട് ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതാണ്. ബാബുവിന് പണം നല്‍കിയെന്ന ബിജു രമേശിന്റെ ഉള്‍പ്പെടെ അഞ്ചുപേരുടെ സാക്ഷിമൊഴികള്‍ നിലനില്‍ക്കുമ്പോഴായിരുന്നു തെളിവില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന് കൈമാറുന്നത്. കോഴ ഇടപാട് സ്ഥിരീകരിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി സി ഡി ജോഷിയാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.
സാക്ഷിമൊഴികള്‍ കെ ബാബുവിനെതിരേ നിലനില്‍ക്കെ തുടര്‍നടപടി സ്വീകരിക്കുമ്പോള്‍ നിയമോപദേശം തേടേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, വിജിലന്‍സ് ഡയറക്ടര്‍ ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നാണ് ആരോപണം. മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടന്നപ്പോള്‍ വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിനില്‍നിന്നും അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശീന്ദ്രനില്‍നിന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നത്.
കേസെടുക്കാമെന്നായിരുന്നു ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്റെ ഉപദേശം. എന്നാല്‍, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രന്‍ കേസെടുക്കേണ്ടെന്ന് നിയമോപദേശം നല്‍കി. ഇതില്‍ ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം പരിഗണിച്ചായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ മാണിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it