ഇരട്ടനീതി: പോലിസ് സേനയില്‍ ആന്തരിക സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

കെ വി ഷാജി സമത

കോഴിക്കോട്: പോലിസ് സേനയില്‍ നില നില്‍ക്കുന്ന ഇരട്ട നീതിക്കെതിരെ പരസ്യ പ്രതികരണത്തിന് പോലിസിലെ ഒരു വിഭാഗം തയ്യാറെടുക്കുന്നു. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എ പി ഷാജിയുടെ ആത്മഹത്യയാണ് ഇരട്ടിനീതി വിഷയം ഇപ്പോള്‍ സജീവ ചര്‍ച്ചയാകാന്‍ കാരണം. ഔദ്യോഗിക പെരുമാറ്റച്ചട്ടങ്ങളെ ഭയന്ന് പരസ്യ പ്രതികരണത്തിന് തയ്യാറാവാതിരുന്ന പൊലിസ് അസോസിയേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചതായാണ് സൂചനകള്‍. ഷാജിയുടെ മരണം മുന്‍നിര്‍ത്തി, സേനയില്‍ തുടര്‍ന്നു വരുന്ന അസമത്വത്തിനെതിരെ പൊതുജന പിന്തുണയോടെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം.
ഔദ്യോഗിക ചുമതലക്കിടയില്‍ സംഭവിച്ച അബദ്ധത്തിന് സിവില്‍ പോലിസ് ഓഫിസറായിരുന്ന ഷാജിക്ക് വലിയ വില നല്‍കേണ്ടി വന്നപ്പോള്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റി പോലുള്ള ഏജന്‍സികള്‍ ശിക്ഷാ നടപടി ശുപാര്‍ശ ചെയ്ത ഒട്ടേറെ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നടപടി ഇല്ലാത്തതാണ് പ്രശ്‌നങ്ങളുടെ കാതല്‍. ജില്ലാ തല പൊലിസ് കംപ്ലയിന്റ് അതോറിറ്റികള്‍, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയ അര്‍ദ്ധ നീതിന്യായ സംവിധാനങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സേനാ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസ് മേധാവിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവയില്‍ പലതിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. പരാതിക്കാരേയും, ആരോപണ വിധേയരേയും കേട്ട്, തെളിവുകളും സാക്ഷി മൊഴികളും പരിശോധിച്ചാണ് കംപ്ലയിന്റ്‌സ് അതോറിറ്റി അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യുന്നത്. ഇതു മറികടന്ന് ചില ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുന്നതായും ആരോപണമുണ്ട്. നിസ്സാര കുറ്റങ്ങള്‍ക്ക് സിവില്‍ പോലിസ് ഓഫിസര്‍മാരേയും താഴെ തട്ടിലുള്ളവരേയും സ്ഥലം മാറ്റുകയും ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ സേനയിലെ സ്ഥിരം കുറ്റവാളികള്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പോലിസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഏറിവരുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 2011ല്‍ ആഭ്യന്തര വകുപ്പ് സര്‍വേ നടത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള 668 പേര്‍ സേനയില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇവരില്‍ പലരും വര്‍ഷങ്ങളായി ക്രമസമാധാന ചുമതലയില്‍ തുടരുകയുമാണ്.
ഷാജിയുടെ ആത്മഹത്യക്കു ശേഷം ചില സഹപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ്. ഷാജിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോട്ടോ അയച്ചതിനു ശേഷം, ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തത് ഇതേ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ്. ഫേസ് ബുക്കില്‍ അഭിപ്രായം കുറിച്ചതിന്റെ പേരില്‍ ഷാജിയുടെ സഹപ്രവര്‍ത്തകര്‍ക്കെതിരേ നടപടിക്ക് ഒരുങ്ങുമ്പോള്‍, ഔദ്യോഗിക വിഷയങ്ങള്‍ ഇതേ മാധ്യമം വഴി ചര്‍ച്ച ചെയ്ത ഉന്നതര്‍ക്കെതിരേ നടപടി ഇല്ലാത്തതും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് സിറ്റി, റൂറല്‍ പോലിസ് ജില്ലകളിലെ മുഴുവന്‍ ഭാരവാഹികളും, സേനാംഗങ്ങളും ഷാജിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനും, അനുശോചന യോഗം ചേരാനും പോലിസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഷാജിയുടെ ബന്ധുക്കളും, പരിസരവാസികളും, ആക്ഷന്‍ കൗണ്‍സിലും അസോസിയേഷന്റെ ഈ ശ്രമങ്ങള്‍ക്ക് മാനസിക പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സേനയിലെ ഇരട്ട നീതി സംബന്ധിച്ച പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it