ഇരട്ടച്ചങ്കും 56 ഇഞ്ചും ഏറ്റുമുട്ടുമ്പോള്‍

കണ്ണേറ് - കണ്ണന്‍
അണ്ടിയാണോ മൂത്തത് അതോ മാവോ എന്ന ചോദ്യം പണ്ടുപണ്ടേയുള്ളതാണ്. സമാനമായ മറ്റൊരു ചോദ്യമാണ്, നരേന്ദ്ര മോദിയാണോ അതോ പിണറായി വിജയനാണോ ആരാണ് കൂടുതല്‍ വലിയ തന്‍പ്രമാണിത്തക്കാരന്‍ എന്നതും.
മാലോകരെന്തു പറഞ്ഞാലും ശരി, കാക്കി ട്രൗസറിട്ടു നടന്ന നരേന്ദ്ര മോദി താന്‍ വിചാരിച്ചതു നടത്തിയിരിക്കും. അകത്തിരുത്തേണ്ടവരെ അകത്ത് ആചരിച്ചിരുത്തും; പുറത്താക്കേണ്ടവരുടെ നേരെ വാതില്‍ കൊട്ടിയടയ്ക്കും. ഇതുതന്നെയാണ് ചെങ്കുപ്പായവും ചോപ്പുകാലുറയുമിട്ടു ശീലിച്ച സഖാവ് പിണറായിയുടെയും ശൈലി. കടക്കൂ പുറത്ത് എന്ന് ആരുടെ മുഖത്തു നോക്കി പറയാനും മടിയില്ല; വേണ്ടിവന്നാല്‍ തള്ളിപ്പുറത്താക്കുകയും ചെയ്യും. ആര് ആരെ കവച്ചുനില്‍ക്കുന്നു എന്നു ഫോട്ടോഫിനിഷിങിലൂടെ മാത്രമേ തിരിച്ചറിയാനാവുകയുള്ളൂ. പണ്ട് കവി അദ്ഭുതം കൂറിയില്ലേ, മാന്‍പേടയോട് മുനികന്യക അഭ്യസിച്ചോ അതോ തിരിച്ചോ എന്ന്- അതാണ് സ്ഥിതി. ഇക്കണ്ട ധിക്കാരവും ചങ്കൂറ്റവും ആര് ആരില്‍ നിന്നാണ് പഠിച്ചെടുത്തത്?
ഏതായാലും മല്ലന്‍മാര്‍ തമ്മിലുള്ള മല്‍സരമാണ് നമ്മള്‍ ഈയിടെ കണ്ടത്. തന്നെ കാണാന്‍ സര്‍വകക്ഷിപ്പടയുമായി ഒരുമ്പെട്ടിറങ്ങിയ പിണറായിയെ മോദിജി നിഷ്‌കരുണം തിരസ്‌കരിച്ചു. ഇതു നാലാമത്തെ തവണയാണ് തന്റെ നേരെ വാതില്‍ കൊട്ടിയടയ്ക്കുന്നതെന്നും നാട്ടുകാരുടെ റേഷനരിയുടെ കാര്യം പറയാനാണ് വന്നതെന്നും തങ്ങളുടെ ഉള്ള കഞ്ഞിയില്‍ പാറ്റയെ വീഴ്ത്തരുതെന്നുമെല്ലാം സഖാവ് കേണുവെങ്കിലും അതൊന്നും മോദി കേട്ടില്ല പോലും.
കാറോടിച്ചുപോവുന്നതിനിടയ്ക്ക് ചക്രങ്ങള്‍ക്കിടയില്‍ പെട്ടുപോവുന്ന പട്ടിക്കുട്ടിയല്ലാതെ മറ്റെന്ത് 56 ഇഞ്ച് നെഞ്ചളവുകാരന് ഈ ഇരട്ടച്ചങ്കന്‍? പട്ടിക്കുഞ്ഞ് നിലവിളിക്കും, കാര്‍ മുന്നോട്ടുപോകും എന്നാണ് മോദിജി ഉണ്ടാക്കിയ ന്യായപ്രമാണം. നായ്ക്കള്‍ കുരയ്ക്കും, പക്ഷേ തേര് മുന്നോട്ടുപായും എന്നു പറഞ്ഞപോലെ. പിണറായി അലമ്പുണ്ടാക്കും, പക്ഷേ കാണാന്‍ താന്‍ അനുമതി നല്‍കുകയേയില്ല എന്ന്. ജനാധിപത്യവിരുദ്ധമെന്നോ ഫെഡറലിസത്തിന്റെ തിരസ്‌കാരമെന്നോ നിങ്ങള്‍ എന്തു പറഞ്ഞാലും ശരി, തന്നെ കാണുകയേ വേണ്ട. കടക്കൂ പുറത്ത് എന്നുതന്നെയാണ് മോദിജി പറഞ്ഞതിന്റെ അസ്സല്‍ മലയാളം.
കണ്ടത്തിലെ പണിക്ക് വരമ്പത്തു തന്നെ കൂലിയെന്നു പറഞ്ഞതുപോലെയായി പിണറായിയുടെ അനുഭവം എന്ന കാര്യത്തില്‍ കണ്ണനു യാതൊരു സംശയവുമില്ല. എന്നാല്‍, ഇത്ര പെട്ടെന്നു പടച്ച തമ്പുരാന്‍ പണി തന്നല്ലോ എന്നതിലേയുള്ളൂ സംശയം. പിണറായി സഖാവ് എല്ലാം ശരിയാക്കിയത് മുന്നില്‍ വന്നു നിന്ന് പായ്യാരം പറഞ്ഞവരെയെല്ലാം പടിക്കു പുറത്താക്കിക്കൊണ്ടാണ്. പരാതി പറയാന്‍ എത്തിയവരെ കാണാന്‍ സമ്മതിച്ചതേയില്ല. താന്‍ ഭരിക്കുന്ന പോലിസ് വകുപ്പിലെ ഏമാന്‍മാര്‍ പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന പയ്യന്റെ വീട്ടിലൊന്നു കയറുന്നതു പോയിട്ട്, അതുവഴി പോകേണ്ട സ്വന്തം വണ്ടി വഴിതിരിച്ചുവിട്ടാണ് സഖാവ് രണ്ടു ചങ്കിന്റെയും ഊറ്റം കാട്ടിയത്. നാട്ടുകാരോട് മുഴുവന്‍ പറഞ്ഞത് കടക്കൂ പുറത്ത് എന്ന്. ഇതു തനിക്ക് അവകാശം കിട്ടിയ അധികാരസ്ഥാനം, അതിന്റെ നാലയലത്തു വരരുത് നിങ്ങളാരും. വരാന്‍ കാല്‍ മുന്നോട്ടുവയ്ക്കുന്നവരോട് എനിക്കൊരു മറുപടിയുണ്ട്- കടക്കൂ പുറത്ത്. കഴിഞ്ഞ രണ്ടു കൊല്ലമായി പിണറായി വിജയന്‍ വിളിക്കുന്ന മുദ്രാവാക്യം ഇന്‍ക്വിലാബ് സിന്ദാബാദ് എന്നല്ല, അഭിവാദ്യം ലാല്‍സലാം എന്നുമല്ല- കടക്കൂ പുറത്ത് എന്നാണ്.
അതുതന്നെയേ നരേന്ദ്ര മോദിയെന്ന 56 ഇഞ്ച് നെഞ്ചളവുകാരനും പറഞ്ഞിട്ടുള്ളൂ. റേഷന്‍ വിഹിതമോ പട്ടിണിമരണമോ ഒന്നും എനിക്കു കേള്‍ക്കേണ്ട, കടക്കൂ പുറത്ത് എന്ന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നിരന്തരം മുഖത്തു നോക്കി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വാക്കുകള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ട മലയാളികളുടെ ഗതികേടില്‍ മാത്രമാണ് കണ്ണന് ദുഃഖം.

*****

ലോകത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലാണ് ദാസ്യവേല എന്നു ചരിത്രത്തിലില്ല. എന്നാല്‍, പ്രപഞ്ചോല്‍പത്തി മുതല്‍ക്കേ ദാസന്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങള്‍ പറയുന്നത്. ദൈവത്തിനല്ലാതെ ദാസ്യവേലയെടുക്കില്ലെന്നു പറഞ്ഞിറങ്ങിപ്പോയ ധിക്കാരിയാണ് സെമിറ്റിക് മതങ്ങളിലെ പിശാച്. അതവിടെയിരിക്കട്ടെ, ദാസ്യം പണ്ടേയുണ്ടെന്നു തീര്‍ച്ച.
കൊളോണിയല്‍ കാലത്ത് പോലിസിലും പട്ടാളത്തിലും ഉണ്ടായിരുന്ന ദാസ്യവേല സല്യൂട്ടടി മുതല്‍ ചെരിപ്പ് തുടക്കല്‍ വരെയുള്ള പല രൂപങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ഈ ദാസ്യവേലാ സംസ്‌കാരത്തിന്റെ ഇരയാണ് തിരുവനന്തപുരത്തെ പോലിസ് ഡ്രൈവര്‍ ഗവാസ്‌കര്‍. പണ്ടേക്കുപണ്ടേ മനുഷ്യന്റെ അന്തസ്സിനു മേല്‍ പണിതുയര്‍ത്തിയ ഈ കോട്ടമതില്‍ തകര്‍ക്കാന്‍ ഗവാസ്‌കറിന്റെ പരാതിക്കു സാധിക്കുമോ എന്നതേയുള്ളൂ പ്രശ്‌നം.
പോലിസില്‍ എങ്ങനെയായിരുന്നാലും ശരി, രാഷ്ട്രീയത്തില്‍ ദാസ്യവേല ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണെന്ന കാര്യത്തില്‍ കണ്ണന് അഭിപ്രായ വ്യത്യാസമില്ല. ഒരു കുടുംബത്തിനു ദാസ്യവേലയെടുക്കുന്നവര്‍ക്കു മാത്രമേ കോണ്‍ഗ്രസ്സില്‍ ഉന്നതിയുള്ളൂ എന്ന് അടക്കംപറയുന്നവര്‍ പാര്‍ട്ടിക്കകത്തുതന്നെ ധാരാളമുണ്ട്. മോദിയടക്കം ബിജെപിക്കാര്‍ അത് ഉറക്കെപ്പറയാറുമുണ്ട്.
ബിജെപിയിലും സംഗതി വ്യത്യസ്തമല്ല. അമിത്ഷായെയും മോദിയെയും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രമേയുള്ളൂ മേല്‍ഗതി. സിപിഎമ്മിലാണെങ്കില്‍ കണ്ണൂര്‍ ലോബി പട്ടേലര്‍മാരും മറ്റുള്ളവര്‍ തൊമ്മിമാരുമാണ്. പിണറായിയെന്ന പട്ടേലരും നിരവധി തൊമ്മിമാരുമാണ് ആഭ്യന്തര വകുപ്പ് കൈയാളുന്നതെന്ന് ഉറപ്പുള്ളപ്പോള്‍ പോലിസില്‍ മാത്രം ഈ അധികാര-ദാസ്യവ്യവസ്ഥ തകര്‍ക്കാനാവുമെന്ന് വ്യാമോഹിക്കുന്നതല്ലേ വിഡ്ഢിത്തം?
ഇടതു മുന്നണിയില്‍ സിപിഎമ്മിനു ദാസ്യപ്പണി എടുക്കേണ്ടിവരുന്നു എന്നതാണ് സിപിഐയുടെ ഏറ്റവും വലിയ പരാതി. മറ്റു ചിന്ന കക്ഷികള്‍ക്ക് ദാസ്യപ്പണിയുണ്ടെങ്കിലും പരാതിയില്ലെന്നത് കഥയുടെ മറുവശം. അവര്‍ എക്കാലത്തും മുന്നണിയുടെ വടക്കുപുറത്ത് ദാസ്യവേലയെടുത്തു കഴിഞ്ഞുകൂടിക്കൊള്ളും. ഒരക്ഷരം എതിര്‍ത്തു പറയില്ല. ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും ഇടതു മുന്നണിയുടെ പാളയത്തിലുള്ള എല്ലാവരും തൊമ്മിമാരാണെന്നു പറയാനൊക്കുമോ? പാര്‍ട്ടികളെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുമെങ്കിലും പ്രസ്തുത പാര്‍ട്ടികളിലെ ചില വീരശൂര പരാക്രമികളെ കാണുമ്പോള്‍ മുന്നണിക്കും സര്‍ക്കാരിനും മുട്ടുവിറക്കുന്നില്ലേ?
അതുകൊണ്ടാണല്ലോ തോമസ് ചാണ്ടിയുടെയും ഗണേഷ് കുമാറിന്റെയും പി വി അന്‍വറിന്റെയും മുമ്പില്‍ ഇരട്ടച്ചങ്കന്‍ പടമെടുക്കാത്തത്. തോമസ് ചാണ്ടി നിലം നികത്തിക്കൊള്ളട്ടെ, തലയുരുളുന്നത് അതിന്റെ പേരില്‍ നടപടിയെടുത്ത കലക്ടറുടേതാണ്. പി വി അന്‍വര്‍ വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കുകയും പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കുകയും ചെയ്യട്ടെ, ചുമ്മാ നോക്കുകുത്തിയായി നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഗണേഷ് കുമാര്‍ വഴിയില്‍ കണ്ട സ്ത്രീയെ അസഭ്യവര്‍ഷം നടത്തി അപമാനിക്കട്ടെ, ആയമ്മയുടെ മകനെ തല്ലിച്ചതയ്ക്കട്ടെ, ആ മാടമ്പിത്തരത്തിനെതിരേ കേസെടുക്കാന്‍ അമാന്തിച്ചുനില്‍ക്കുകയാണ് പോലിസ് വകുപ്പ്. വകുപ്പ് കൈയാളുന്ന പിണറായി സഖാവിനുമില്ല മിണ്ടാട്ടം.
ഇതെല്ലാം കാണുമ്പോള്‍ ആര്‍ക്കും തോന്നുന്ന സംശയം കണ്ണനും തോന്നിപ്പോകുന്നു: ആര് ആര്‍ക്കാണ് ദാസ്യവേല ചെയ്യുന്നത്? പിണറായി സഖാവിന് ഏതായാലും ഈ സാഹചര്യത്തില്‍ ചെയ്യാനുള്ളത് ഗണേഷ് കുമാറിനെ വീട്ടില്‍ പോയി കണ്ട് 'യജമാനരേ' എന്നു വിളിച്ച് കാല്‍ക്കല്‍ വീണ് കണ്ണീരൊഴുക്കുകയാണ്. കമ്മ്യൂണിസമൊക്കെ വരും പോവും, മാടമ്പിമാരുടെ പ്രതാപം നീണാള്‍ വാഴട്ടെ, റിസോര്‍ട്ടുകളും പാര്‍ക്കുകളും ഉയര്‍ന്നുവന്ന് കേരളം ഐശ്വര്യപൂരിതമാവട്ടെ!

*****

മലയാള ഭാഷയ്ക്കു വേണ്ടി നിരാഹാരം കിടക്കാനും മലയാളം പഠിക്കാത്ത കുട്ടികളെ തോല്‍പിക്കണമെന്നു പറയാനുമൊക്കെ കേരളത്തില്‍ ആളുകള്‍ ഏറെയുണ്ട്. മധുരം മലയാളമെന്നു പേര്‍ത്തും പേര്‍ത്തും നാം വിളിച്ചുപറയാറുമുണ്ട്. പക്ഷേ, ഇംഗ്ലീഷ് ഭാഷ തൊട്ടരികിലിരുന്ന് തലോടാന്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ മലയാള ഭാഷയുടെ സ്ഥിതി എന്നാലോചിച്ച് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് കണ്ണന്‍ ഇപ്പോള്‍.
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ റിപോര്‍ട്ട് ചെയ്യേണ്ടിവന്നപ്പോള്‍ മലയാള പത്രങ്ങള്‍ അനുഭവിക്കുന്ന  പെടാപ്പാട് കണ്ടപ്പോഴാണ് കണ്ണന് മലയാളത്തിനു മേല്‍ ആംഗലവാണി സ്ഥാപിച്ചെടുത്ത മേല്‍ക്കൈയെപ്പറ്റി ബോധ്യം വന്നത്. 'പെയ്ന്‍ മാറ്റാന്‍ സ്‌പെയ്ന്‍', 'വെല്‍ജയം ബെല്‍ജിയം', 'ഹാപ്പി കെയിന്‍ ഹാപ്പി ഇംഗ്ലണ്ട്', 'പോളിഷ്ഡ് സെനഗോള്‍' എന്നൊക്കെയാണ് നമ്മുടെ പത്രങ്ങള്‍ നിത്യവും നിരത്തിവയ്ക്കുന്ന തലക്കെട്ടുകള്‍. ഇംഗ്ലീഷിന്റെ ചിറകിലേറി മാത്രമേ മലയാളത്തിലുള്ള വാര്‍ത്തകള്‍ക്ക് സഞ്ചരിക്കാനാവുന്നുള്ളൂ. ഇംഗ്ലീഷിന്റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ എന്തായേനെ, റഷ്യയിലെ ഫുട്‌ബോള്‍ ആവേശം നാട്ടുകാരിലേക്ക് എത്തിക്കാന്‍ നമ്മുടെ പത്രങ്ങള്‍ പെടേണ്ടിയിരുന്ന പാട്!  അതിനാല്‍ മലയാളം മിഷന്‍കാരും കെ പി രാമനുണ്ണിയെപ്പോലെയുള്ള ഭാഷാസ്‌നേഹികളും ലോകകപ്പ് ഫുട്‌ബോളിന്റെ വിവരണങ്ങള്‍ നിരത്തിവച്ച പത്രത്താളുകളിലൂടെയൊന്നു കടന്നുപോയിട്ടു മതി ഇനി മലയാളത്തിനു വേണ്ടിയുള്ള പടപ്പുറപ്പാടുകള്‍ എന്നു മാത്രമേ കണ്ണന് ഓര്‍മിപ്പിക്കാനുള്ളൂ.                                                      ി

അവശിഷ്ടം: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെ കണ്ട് കോച്ച് ഫാക്ടറിക്കാര്യം ചര്‍ച്ച ചെയ്തു. പിണറായിയെ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരം.
Next Story

RELATED STORIES

Share it