wayanad local

ഇരട്ടക്കൊലപാതകം രണ്ടുമാസം പിന്നിട്ടിട്ടും ഇരുട്ടില്‍തപ്പി പോലിസ്

മാനന്തവാടി: ജില്ലയെ നടുക്കിയ പൂരിഞ്ഞി പന്ത്രണ്ടാം മൈല്‍ ഇരട്ടക്കൊലപാതകം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്തിയില്ല. മാനന്തവാടി ഡിവൈഎസ്പി കെ ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ പ്രത്യക അന്വേഷണ സംഘം രാവും പകലും അന്വേഷണം നടത്തിയിട്ടും കൊലപാതക കാരണം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തില്‍ തുടക്കം മുതലേ പുരോഗതി ഇല്ലെന്നാരോപിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വിവിധ സമരപരിപാടികള്‍ നടന്നിരുന്നു. യുഡിഎഫിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. എസ്ഡിപിഐ പ്രതിഷേധ ധര്‍ണ നടത്തുകയും ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയുമുണ്ടായി. ഒരുമാസം മുമ്പ് അന്വേഷണം െ്രെകബ്രാഞ്ചിന് കൈമാറാന്‍ സ്ഥലം എംഎല്‍എയുടെ ഇടപെടലിലൂടെ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍, ജില്ലയില്‍ ഉണ്ടായ പ്രളയത്തിനിടെ കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിലച്ചതായാണ് സൂചന. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍(26) ഭാര്യ. ഫാത്തിമ(19) എന്നിവരെ വോട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്.ഇത് രണ്ടും കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും ഇത് വരെയും വിജയിച്ചിട്ടില്ല. സ്വര്‍ണ്ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ സഹായം തേടിയിരുന്നു. ഇരുമ്പുവടി,കനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസറ്റ് മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. കൊലക്കുപയോഗിച്ച വസ്തുക്കള്‍ കണ്ടെത്താന്‍ ഡോഗ്‌സ്‌കോഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ ശാസ്ത്രീയമായി നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. വീടിനോടനുബന്ധിച്ച കുളിമുറിയില്‍ നിന്നും മറ്റും ലഭിച്ച കാല്‍പാദത്തിന്റെ അടയാളങ്ങള്‍ വെച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപെട്ടവരുടെ ജീവിതപശ്ചാതലവും കുടുംബ സാമൂഹ്യ പശ്ചാത്തലവും വെച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മോഷണമല്ലാതെ മറ്റൊരുകാരണവും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഫാത്തിമയുടെ ശരീരത്തില്‍ അവശേഷിച്ച സ്വര്‍ണവും വീട്ടിലുണ്ടായിരുന്ന പണവും നഷ്ടപ്പെടാഞ്ഞത് അന്വേഷണ സംഘത്തെ കുഴക്കി. കൊലപാതകം നടന്ന് അടുത്ത ദിവസങ്ങളിലെല്ലാം പരിസരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മോഷണപരമ്പരകള്‍ അരങ്ങേറിയത് അന്ന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണോ എന്ന് സംശയമുയര്‍ന്നിരുന്നു. ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്ന കൊലപാതകം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും ഘാതകരെ കണ്ടെത്താന്‍ പോലിസിന് കഴിയാത്തതില്‍ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്. ജില്ലയില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് കൊലപാതക വിഷയം ചര്‍ച്ചകളില്‍ നിന്നും മാഞ്ഞുപോയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
.

Next Story

RELATED STORIES

Share it