kozhikode local

ഇരകളുടെ രോദനത്തെ ചവിട്ടിയരയ്ക്കാന്‍ അനുവദിക്കില്ല: കെ പി എ മജീദ്‌

കോഴിക്കോട്: മംഗളൂരു-കൊച്ചി ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ആശങ്കകളും പ്രയാസങ്ങളും ദൂരീകരിക്കാന്‍ സര്‍ക്കാര്‍ സമരസമിതിയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. ഇരകളുടെ നീതിക്കു വേണ്ടിയുള്ള രോദനത്തെ പോലിസ് ബൂട്ടുകള്‍ കൊണ്ട് ഞെരിച്ച് കൊല്ലാമെന്നത് വ്യാമോഹമാണ്. ഗെയില്‍ പദ്ധതിക്ക് എതിരല്ല. എന്നാല്‍, വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നിയമം പോലും പാലിക്കാതെ കയ്യൂക്കിന്റെ ഭാഷ പുറത്തെടുക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.ജനവാസ കേന്ദ്രങ്ങളിലൂടെ ബലമായി പൈപ്പ്‌ലൈന്‍ സ്ഥാപിച്ച്, സംരക്ഷണം അവരുടെമേല്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്നത് വിലകുറഞ്ഞ തന്ത്രമാണ്. ജനവാസ മേഖലകളെ ഒഴിവാക്കാനും ഇരകളോട് മാന്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാരും ഗെയില്‍ അധികൃതരും തയ്യാറാവണം. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തദനുസരണം നഷ്ടപരിഹാരം നല്‍കാമെന്ന് ഗെയില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളതാണ്. 2013ലെ കേന്ദ്ര നിയമമനുസരിച്ച് സ്ഥലത്തിന് മാന്യമായ വില കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.നന്ദിഗ്രാമും സിംഗൂരും ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ ജനാധിപത്യ കേരളം തക്കതായ മറുപടി നല്‍കും. ഇരകളുമായി കൂടിയാലോചനയ്ക്ക് തയ്യാറാവാതെ അതിരൂക്ഷമായ അക്രമസമരത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും കെ പി എ മജീദ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it