ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലും കാണിക്കരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലും കാണിക്കരുതെന്ന് സുപ്രിംകോടതി. ഈ വിലക്ക് ദൃശ്യ, പത്ര മാധ്യമങ്ങള്‍ക്ക് ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ അഭിമുഖങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് പൂര്‍ണമായും നിരോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ലൈംഗികാതിക്രമക്കേസുകള്‍ സെന്‍സേഷനലൈസ് ചെയ്യരുതെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ബിഹാറിലെ മുസാഫര്‍പൂരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
അതേസമയ, മുസാഫര്‍പൂരിലെ ലൈംഗികപീഡനക്കേസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്താനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മുസാഫര്‍പൂരിലെ ലൈംഗിക പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ പട്‌ന ഹൈക്കോടതിയുടെ ആഗസ്ത് 23ലെ ഉത്തരവ് കോടതി റദ്ദാക്കി. ലൈംഗികപീഡനത്തിനും അക്രമത്തിനും ഇരയായ സംഭവങ്ങള്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങള്‍ സെന്‍സേഷണലായി റിപോര്‍ട്ട് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു. അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ അഭിമുഖം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ കോടതി ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍, പീഡനത്തിനിരയായ കുട്ടികളെ വെളിപ്പെടുത്താനാവില്ലെന്ന് ഈ കേസിലെ അമിക്കസ്‌ക്യൂറിയായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹത് പറഞ്ഞു. ലൈംഗികപീഡനത്തിന് ഇരയായവരുമായി സര്‍ക്കാര്‍ ഏജന്‍സികളോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അറപ്പുളവാക്കുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.
തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കോച്ചിന്റെയും 12 കുട്ടികളുടെയും സംഭവവും കോടതി ഇന്നലെ പരാമര്‍ശിച്ചു. തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെ രക്ഷപ്പെടുത്തുന്നതു വരെ അവര്‍ ആരൊക്കെയായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ബെഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it