World

ഇയു-തുര്‍ക്കി ധാരണ; ആദ്യ സംഘം അഭയാര്‍ഥികളെ ഗ്രീസ് തുര്‍ക്കിയിലേക്കയച്ചു

ഏതന്‍സ്: യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആദ്യസംഘം അഭയാര്‍ഥികളെ ഗ്രീസ് തുര്‍ക്കിയിലേക്കയച്ചു. മൂന്ന് ബോട്ടുകളിലായി 200ലധികം പേരാണ് ഇന്നലെ പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ദിക്കിലിയില്‍ എത്തിയത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ നിന്ന് 136 പേരും ചിയോസില്‍ നിന്ന് 66 പേരുമാണ് ആദ്യസംഘത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും പാക് അഭയാര്‍ഥികളാണ്.
ആദ്യസംഘത്തില്‍ സിറിയന്‍ അഭയാര്‍ഥികളില്ലെന്ന് ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 20നു ശേഷം ഗ്രീസിലെത്തിയ, അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കാത്ത ബംഗ്ലാദേശ്, ശ്രീലങ്ക, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആദ്യസംഘത്തില്‍ പെടും.
ആദ്യസംഘത്തില്‍ സിറിയന്‍ അഭയാര്‍ഥികളില്ലെന്നു തുര്‍ക്കിയിലെ ഇയു കാര്യമന്ത്രി വോള്‍ക്കന്‍ ബോസ്‌കിര്‍ സ്ഥിരീകരിച്ചു. ഇതിനിടെ അഭയാര്‍ഥികളെ നാടുകടത്തുന്നതിനെതിരേ മുദ്രാവാക്യം വിളിച്ച് തുര്‍ക്കിയിലും ഗ്രീസിലും ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധപ്രകടനം നടത്തി. പുതിയ നടപടികളെക്കുറിച്ച് ആരും അറിയിച്ചില്ലെന്നും ഗ്രീസില്‍ നിന്നു തങ്ങളെ തിരിച്ചയക്കുമെന്ന് അറിയില്ലായിരുന്നെന്നും അഭയാര്‍ഥികള്‍ ആരോപിച്ചു. അതിനിടെ ലെസ്‌ബോസിനടുത്തുവച്ച് രണ്ട് ബോട്ടുകളിലായി 50ഓളം അഭയാര്‍ഥികളെ ഗ്രീക്ക് തീരസേന ഇന്നലെ രക്ഷപ്പെടുത്തി.
500ഓളം പേര്‍ ഇന്നലെയും ഗ്രീസിലെത്തിയിരുന്നു. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തിരിച്ചയക്കാന്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ആഴ്ചകള്‍ക്കുമുമ്പ് ധാരണയിലെത്തിയത്.
Next Story

RELATED STORIES

Share it