ഇമാമും കുടുംബവും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ലോറിയിടിച്ചു ഭാര്യയും മകളും മരിച്ചു

മൂവാറ്റുപുഴ: ഇമാമും കുടുംബവും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഗ്യാസ് കയറ്റിയ ലോറി ഇടിച്ച് ഭാര്യയും മകളും മരിച്ചു. ഇടുക്കി തടിയംപാട് ജുമാമസ്ജിദ് ഇമാം മുരിക്കാശ്ശേരി ഇടപ്ലായില്‍ ഇബ്രാഹിം മൗലവിയുടെ ഭാര്യ സല്‍മ (38), മകള്‍ മുഹ്‌സീന ഷെറിന്‍ (16) എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇബ്രാഹിം മൗലവി (42)യെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ കൊച്ചി-മധുര ദേശീയപാതയില്‍ കക്കടാശ്ശേരി കവലയിലായിരുന്നു അപകടം. വണ്ണപ്പുറത്തുള്ള സല്‍മയുടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ബൈക്ക് കക്കടാശ്ശേരി കവലയില്‍നിന്ന് വണ്ണപ്പുറം റൂട്ടിലേക്ക് കയറുന്നതിനിടെ കോതമംഗലത്തേക്കു പോവുകയായിരുന്ന ഗ്യാസ് കയറ്റിയ ലോറി പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നു തെറിച്ചുവീണ സല്‍മയും മുഹ്‌സീനയും ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ഇബ്രാഹിം മൗലവി വലതുഭാഗത്തേക്കു തെറിച്ചു പോയതിനാല്‍ ലോറിക്കടിയില്‍പ്പെടാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ കൊണ്ടുവന്ന് പാചകവാതകലോറി ഉയര്‍ത്തിയ ശേഷമാണ് സല്‍മയെയും മകളെയും പുറത്തെടുത്തത്. അപ്പോഴേക്കും സല്‍മ മരിച്ചിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന മുഹ്‌സീന വൈകീട്ട് അഞ്ചോടെയാണ് മരിച്ചത്.
മരിച്ച സല്‍മ വണ്ണപ്പുറം വെള്ളിക്കുളം കുടുംബാംഗമാണ്. മുഹ്‌സീനയുടെ മൃതതേഹം കോലഞ്ചേരി ആശുപത്രി മോര്‍ച്ചറിയിലും സല്‍മയുടേത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വണ്ണപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മറ്റുമക്കള്‍: മുഹമ്മദ് അല്‍താഫ്, മുഹമ്മദ് അസ്‌ലം.
Next Story

RELATED STORIES

Share it