Second edit

ഇബോള ഭീഷണി

സ്‌കോട്ട്‌ലന്‍ഡുകാരി നഴ്‌സ് പോളിന്‍ കാഫര്‍കി സിയറലിയോണില്‍ ഇബോള പടര്‍ന്നുപിടിച്ച സമയത്ത് അവിടെ രോഗികളെ ചികില്‍സിക്കാനായി എത്തിയിരുന്നു. അവിടെ വച്ച് അവര്‍ക്ക് ഇബോളബാധയുണ്ടായി. ദീര്‍ഘനാളത്തെ ചികില്‍സയ്ക്കുശേഷം 10 മാസം മുമ്പ് അവര്‍ പൂര്‍ണ രോഗമുക്തയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
പക്ഷേ, പോളിന്‍ വീണ്ടും കടുത്ത രോഗവുമായി മല്ലിട്ട് ജീവനുവേണ്ടി പൊരുതുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കടുത്ത വേദനയും മറ്റുമായി അവര്‍ ആശുപത്രിയിലായത്. തലച്ചോറില്‍ ഇബോള അണുക്കള്‍ വിട്ടൊഴിയാതെ ഒളിഞ്ഞുനില്‍ക്കുകയായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇബോള ഭീഷണി ഇനിയും ലോകത്തുനിന്നു വിട്ടുമാറിയിട്ടില്ല എന്നാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച ഇബോളബാധയില്‍ 11,000ല്‍ അധികംപേരാണ് ജീവന്‍വെടിഞ്ഞത്. പരീക്ഷണാര്‍ഥമുള്ള ചില മരുന്നുകള്‍ മാത്രമാണ് ഇപ്പോഴും ഇബോളയ്‌ക്കെതിരേ പ്രയോഗിക്കുന്നത്. ഈ മരുന്നുകള്‍ രോഗിയുടെ രക്തത്തിലെ ഇബോള വൈറസുകളെ പൂര്‍ണമായും ഇല്ലാതാക്കുമെങ്കിലും തലച്ചോറിലും കണ്ണുകളിലും വൃഷണത്തിലും രോഗാണുക്കള്‍ ദീര്‍ഘകാലം തങ്ങിനില്‍ക്കുന്നതായി ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗം മാറി ഒമ്പതുമാസത്തിനുശേഷം ആഫ്രിക്കയിലെ ഒരു വ്യക്തിയുടെ ശുക്ലത്തില്‍ ഇബോളയുടെ അണുക്കള്‍ ഈയിടെ കണ്ടെത്തുകയുണ്ടായി.
ചുരുക്കത്തില്‍ ലോകം ഇപ്പോഴും ഇബോളയുടെ ആക്രമണഭീഷണിയിലാണ്. സമീപകാലത്ത് മനുഷ്യരാശി നേരിട്ട ഏറ്റവും കഠിനമായ വിപത്തുകളിലൊന്നാണ് ഇബോള വൈറസ് എന്നു തീര്‍ച്ച.

Next Story

RELATED STORIES

Share it