kozhikode local

ഇഫ്താറുകളില്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ തീരുമാനം

കോഴിക്കോട്: റമദാന്‍ നോമ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ നോമ്പ്തുറ ചടങ്ങുകള്‍ പൂര്‍ണമായും ഹരിതമാര്‍ഗരേഖ പാലിച്ച് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മതസംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. നോമ്പ് തുറകള്‍ക്ക് ഡിസ്‌പോസിബ്ള്‍ ഗ്ലാസുകളും പ്ലേറ്റുകളും പൂര്‍ണമായും ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. പള്ളികളിലും മറ്റും നടക്കുന്ന സമൂഹ ഇഫ്താറുകള്‍ക്ക് പുറമെ വീടുകളില്‍ നടക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലും ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകള്‍ ഇത് സംബന്ധിച്ച് പ്രത്യേക ബോധവല്‍ക്കരണം നടത്താനും വെള്ളിയാഴ്ച പള്ളികളില്‍ അറിയിപ്പ് നല്‍കാനും ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് മാത്രമല്ല പേപ്പര്‍ പാത്രങ്ങളും ഒഴിവാക്കണം.ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഡിസ്‌പോസിബ്ള്‍ പാത്രങ്ങളും കപ്പുകളും മാത്രമല്ല പേപ്പറില്‍ നിര്‍മിച്ചവയും ഒഴിവാക്കേണ്ടതാണ്. പേപ്പര്‍ കപ്പുകളും പ്ലേറ്റുകളും ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തിന് ഹാനികരമാണ്. പേപ്പര്‍ കപ്പുകള്‍ അലിയാതിരിക്കാനായി മെഴുക് പോലുള്ള വസ്തുക്കള്‍ പേപ്പര്‍ കപ്പുകളിലും പാത്രങ്ങളിലും ഉപയോഗിക്കാറുണ്ട്. ചൂടുള്ള വസ്തുക്കള്‍ കഴിക്കുമ്പോള്‍ ഇത് വയറിലെത്തുകയും മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിലവാരം കുറഞ്ഞ പേപ്പറാണ് ചില നിര്‍മാതാക്കള്‍ ഇതിനായി ഉപയോഗിക്കുന്നത്. സ്റ്റീല്‍ പാത്രങ്ങളേക്കാള്‍ വൃത്തിയും കുറവാണ് ഇത്തരം വസ്തുക്കള്‍ക്ക്. ഇത് കത്തിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിലെ പ്രധാന കാരണവും ഡിസ്‌പോസിബ്ള്‍ വസ്തുക്കളാണ്.
Next Story

RELATED STORIES

Share it