Flash News

ഇഫ്താര്‍ സംഗമങ്ങളില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന്

ഇഫ്താര്‍ സംഗമങ്ങളില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ മാറ്റി നിര്‍ത്തണമെന്ന്
X


തിരുവനന്തപുരം: സ്‌നേഹവും പാരസ്പര്യവും നിലനിര്‍ത്താനും മതസൗഹാര്‍ദ്ദ സന്ദേശം കൈമാറാനും റമദാനില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ സംഘപരിവാര പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നത് അഭിലഷണീയമല്ലെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകരും വിവിധ ജാതി മത വിഭാഗങ്ങളിലെ മനുഷ്യ സ്‌നേഹികളും മതാചാര്യന്മാരും എല്ലാം ഇത്തരം ഇഫ്താര്‍ വിരുന്നില്‍ പങ്കുകൊള്ളുന്നത് മഹത്തായ മതേതര പാരമ്പര്യത്തെ പരിപോഷിപ്പിക്കാന്‍ സഹായകരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ ഉദ്ദേശ്യത്തോടെ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന ഇഫ്താര്‍ വിരുന്നുകളില്‍ സംഘപരിവാര നേതാക്കള്‍ സ്ഥിരസാന്നിധ്യമായി മാറുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. ഇത് കാരണം മുസ്‌ലിംകള്‍ സംഘപരിവാരത്തെ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതായേ മനസിലാക്കാന്‍ പറ്റൂ. ഹിന്ദുത്വത്തിനു കീഴൊതുങ്ങാത്ത മുസ്‌ലിംകള്‍ നാട് വിട്ട് പോകണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ആസൂത്രിതമായി കലാപങ്ങള്‍ അഴിച്ചവിട്ട് ആയിരങ്ങളെ അറുംകൊല നടത്തുകയും ചെയ്യുന്നവരാണ് സംഘപരിവാരം. ഇസ്‌ലാമിനെതിരേ  അപ്രഖ്യാപിത യുദ്ധം നടത്തുന്ന സംഘപരിവാരത്തിന്റെ ആളുകളെ മതേതരത്വത്തിന്റെയും മനുഷ്യ സൗഹാര്‍ദ്ധത്തിന്റെയും പ്രതീകമായ ഇഫ്താര്‍ വേദികളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് എല്ലാ മുസ്‌ലിം സംഘടനകളും വിട്ടുനില്‍ക്കണമെന്ന് സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഹസന്‍ ബസ്വരി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമല, സംസ്ഥാന സെക്രട്ടറി), പാനിപ്ര ഇബ്രാഹിം മൗലവി (ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം പ്രസിഡന്റ്), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (മുസ്‌ലിം സംയുക്തവേദി സംസ്ഥാന പ്രസിഡന്റ്), വി എം ഫത്തഹുദ്ദീന്‍ റഷാദി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), ഇസ്മായില്‍ മൗലവി (അല്‍ഹാദി അസോസിയേഷന്‍), എ അബ്ദുല്‍ സത്താര്‍ (പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.

[related]
Next Story

RELATED STORIES

Share it