ഇഫ്താര്‍ വിരുന്നുകളുമായി ആര്‍എസ്എസ്: രാഷ്ട്രീയ തന്ത്രമെന്ന് പ്രതിപക്ഷം

ലഖ്‌നോ: കടുത്ത മുസ്‌ലിം വിരുദ്ധരെന്ന പ്രതിച്ഛായ മാറ്റാന്‍ പുതിയ നീക്കവുമായി ആര്‍എസ്എസ്. മുസ്‌ലിംകളുമായി സൗഹൃദം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഈദ് മിലാന്‍ എന്നു പേരിട്ടിരിക്കുന്ന നോമ്പ് തുറകള്‍ക്ക് ഒരുങ്ങുകയാണ് സംഘടനയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ച്. എന്നാല്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയതന്ത്രം മാത്രമാണിതെന്ന ആരോപണവുമായി കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി.
ജൂണ്‍ 19ന് ഡല്‍ഹിയില്‍ ഈദ് മിലാന്‍ നടത്തുമെന്നാണ് സംഘടന പ്രഖ്യാപിച്ചത്. മുസ്‌ലിം പുരോഹിതരെയും ആര്‍എസ്എസ് നേതാക്കളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് വിരുന്നൊരുക്കുക. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളെയും പരിപാടിക്ക് ക്ഷണിക്കുമെന്നു സംഘടന അറിയിച്ചിട്ടുണ്ട്. ബിജെപിയും ആര്‍എസ്എസും മുസ്‌ലിംകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണെന്നാണ് എസ്പി ആരോപിച്ചത്.
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും മറ്റു പരിപാടികള്‍ കാരണം പങ്കെടുക്കാന്‍ കഴിയില്ലെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നു ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ഇഫ്താര്‍ നടത്താനുള്ള മഞ്ചിന്റെ ആവശ്യം കഴിഞ്ഞദിവസം ആര്‍എസ്എസ് നേതൃത്വം തള്ളിയിരുന്നു. മാംസാഹാരം ഉപയോഗിക്കില്ലെന്നു പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടും പരിപാടി നടത്താനാവില്ലെന്നാണ് ആര്‍എസ്എസ് നിലപാടെടുത്തത്.
Next Story

RELATED STORIES

Share it