Editorial

ഇപ്പോള്‍ മുഖ്യമന്ത്രിക്കും അയിത്തമോ?

കേരളത്തില്‍ ജാതിചിന്തയും അയിത്തം അടക്കമുള്ള ദുരാചാരങ്ങളും തിരിച്ചുകൊണ്ടുവരാനും ഈ പ്രദേശത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കി മാറ്റാനുമുള്ള നീക്കങ്ങള്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുകയാണ്. ജാതീയമായ അസ്പൃശ്യതകള്‍ക്കും സാമൂഹികമായ അനാചാരങ്ങള്‍ക്കുമെതിരേ സുധീരം പോരാടിയ ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും പിന്മുറക്കാരന്‍ എന്ന് അഭിമാനിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ഇത്തരത്തിലുള്ള നിഷേധാത്മക പ്രവണതകളുടെ മുഖ്യ സംഘാടകനായി രംഗത്തുണ്ടുതാനും. അദ്ദേഹത്തിന്റെ സമത്വ മുന്നേറ്റ യാത്രകൊണ്ട് മറ്റൊരു ലക്ഷ്യവും സാധിച്ചില്ലെങ്കിലും കേരളത്തിലെ സാമൂഹിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് അതു കാരണമായി എന്നു പറയാന്‍ സാധിക്കും.
ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തന്നെ അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്താനാണ് ഈ ശക്തികള്‍ തയ്യാറായിരിക്കുന്നത്. സമുന്നത കോണ്‍ഗ്രസ് നേതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന പരിപാടിയില്‍ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ ക്ഷണിച്ച മുഖ്യമന്ത്രിയെയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി വിലക്കിയിരിക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസും ബിജെപിയുടെ കേന്ദ്രനേതൃത്വവുമാണ് ദുരുപദിഷ്ടമായ ഈ നീക്കത്തിനു പിന്നില്‍ എന്നാണു പറഞ്ഞുകേള്‍ക്കുന്നത്. വെള്ളാപ്പള്ളിയെ മുമ്പില്‍ നിര്‍ത്തി നഗ്നമായ വര്‍ഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം എന്നാണു സംശയിക്കേണ്ടത്.
ഇത് ദൗര്‍ഭാഗ്യകരമായ സംഭവവികാസമാണ്. പ്രധാനമന്ത്രിയായശേഷം കേരളത്തില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുകയാണ് മോദി. അങ്ങനെയുള്ള ശുഭാവസരം മുഖ്യമന്ത്രിയെ അപമാനിക്കുന്നതു വഴി കേരളീയസമൂഹത്തെ മൊത്തം അധിക്ഷേപിക്കാനുള്ള അവസരമാക്കി പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഉപയോഗിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും സങ്കല്‍പിക്കാനാവില്ല. എന്നാല്‍, അത്തരത്തിലുള്ള അനഭിലഷണീയമായ ഒരു നീക്കം തന്നെയാണ് നടന്നിരിക്കുന്നത് എന്നാണ് ബിജെപി നേതൃത്വം ഈ അയിത്തം കല്‍പ്പിക്കല്‍ നടപടിയെ ന്യായീകരിക്കാന്‍ നടത്തുന്ന പാഴ്ശ്രമങ്ങളില്‍നിന്നു വ്യക്തമായിവരുന്നത്.
ഒരു മുഖ്യമന്ത്രിയെ ക്ഷണിക്കപ്പെട്ട ചടങ്ങില്‍നിന്നു മാറ്റിനിര്‍ത്താനുള്ള കരുനീക്കങ്ങള്‍ കേന്ദ്രഭരണാധികാരികള്‍ നടത്തുന്നത് ഇന്ത്യയെപ്പോലെ ഫെഡറല്‍സംവിധാനമുള്ള ജനാധിപത്യരാജ്യത്ത് സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നതല്ല. മുന്‍കാലത്ത് ഇത്തരത്തിലുള്ള ഹീനനീക്കങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ആരോപിക്കാനും കഴിയില്ല. നരേന്ദ്രമോദിക്ക് മുമ്പ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന വാജ്‌പേയിയുടെ കാലത്തും സംസ്ഥാനങ്ങള്‍ക്കും അവയുടെ മുഖ്യമന്ത്രിമാര്‍ക്കും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കപ്പെട്ടിരുന്നു. അതൊന്നും പരിഗണിക്കാതെയുള്ള ഇപ്പോഴത്തെ നീക്കം ആപല്‍ക്കരമാണ്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെങ്കില്‍ കൊല്ലത്തെ സ്വകാര്യ പരിപാടിയില്‍നിന്നു വിട്ടുനിന്നുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it