ഇപിഎഫ്: രണ്ടു ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും

ന്യൂഡല്‍ഹി: അനൗപചാരിക മേഖലയില്‍ പുതുതായി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. പുതിയതായി നിയമനം ലഭിക്കുന്ന ഒരു കോടി പേരുടെ മൂന്നു വര്‍ഷത്തേക്കുള്ള തൊഴിലുടമകളുടെ വിഹിതമാണ് സര്‍ക്കാര്‍ അടയ്ക്കുകയെന്നു കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്‌വര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിതല സമിതി ഇതിന് അംഗീകാരം നല്‍കിയതെന്നും മന്ത്രി അറിയിച്ചു.
ഏകദേശം 6500 കോടി മുതല്‍ 10,000 കോടി വരെയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി. ഇതിനുപുറമേ രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനങ്ങള്‍ക്കായി മുന്‍രീതിയില്‍ നിന്നു വ്യത്യസ്തമായി 100 ശതമാനം ഫണ്ടും കേന്ദ്രം അനുവദിക്കാനും യോഗം തീരുമാനിച്ചു. 90:10 എന്ന നിലയില്‍ നിന്നു മാറിയാണ് പുതിയ തീരുമാനമെന്നും വടക്കുകിഴക്കന്‍ മേഖലയുടെ പ്രത്യേക ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, 2009 മുതലുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശയിനത്തില്‍ 6,600 കോടി രൂപ എഴുതിത്തള്ളാനും യോഗം തീരുമാനിച്ചതായി മാനവ വിഭവ വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. വാര്‍ഷിക വരുമാനം 4.45 ലക്ഷത്തില്‍ കുറവുള്ളവരുടെ വായ്പയുടെ പലിശയാണ് ഇത്തരത്തില്‍ എഴുതിത്തള്ളുന്നത്. ഏകദേശം 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനുപുറമേ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ), ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ (ടിഇ) പദ്ധതികള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ തീരുമാനിച്ചതായും ജാവദേക്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it