Flash News

ഇപിഎഫ് പെന്‍ഷന്‍ : ഭൂരിഭാഗം പേരും പദ്ധതിക്ക് പുറത്തേക്ക്



കൊല്ലം: നിശ്ചിത ശമ്പളപരിധിക്കു മുകളിലുള്ള തുകയുടെ വിഹിതം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) അടച്ചവര്‍ക്കു മാത്രം ഉയര്‍ന്ന പെന്‍ഷന്‍ നിജപ്പെടുത്തി ചീഫ് പ്രോവിഡന്റ് ഓഫിസറുടെ ഉത്തരവ്. ഇതോടെ പദ്ധതിയില്‍ നിന്ന് പകുതിയിലധികം പേരും പുറത്താകും. കഴിഞ്ഞ 31നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഉത്തരവ് പ്രകാരം നിലവിലുള്ള ശമ്പളപരിധിയായ 15,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് (അടിസ്ഥാന ശമ്പളം, ക്ഷാമബത്ത) ആനുപാതികമായ വിഹിതം അടച്ചവര്‍ക്ക് അതിനനുസരിച്ചുള്ള ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും. എന്നാല്‍, ഇപിഎഫ്ഒയില്‍ നിക്ഷേപിക്കാതെ വിവിധ തൊഴില്‍സ്ഥാപനങ്ങളിലെ ട്രസ്റ്റുകളില്‍ തുക അടച്ചവര്‍ക്ക് ഇപിഎഫ്ഒയില്‍ നിന്നു പെന്‍ഷന്‍ അനുവദിക്കില്ല. ഇത്തരം ട്രസ്റ്റുകളില്‍ അടച്ച തുക ഇപിഎഫ്ഒയുടെ പെന്‍ഷന്‍ അക്കൗണ്ടിലേക്കു മുന്‍കാല പ്രാബല്യത്തോടെ മാറ്റാനുമാവില്ല. അതേസമയം, പ്രോവിഡന്റ് ഫണ്ടിലേക്ക് അടച്ച വിഹിതം പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റാന്‍ തൊഴിലാളിക്ക് അവസരമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപിഎഫ്ഒ കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലെ ആശയക്കുഴപ്പം നീക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. ഉത്തരവിറങ്ങിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് ഇപിഎഫ് ട്രസ്റ്റി ബോര്‍ഡാണ്. 1995ല്‍ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കിയപ്പോള്‍ യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാത്ത തൊഴിലാളികള്‍ക്ക്, കുടിശ്ശിക സഹിതമുള്ള തൊഴിലാളി വിഹിതം അടച്ച് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാന്‍ അനുവദിക്കുന്ന ഉത്തരവാണ് സുപ്രിംകോടതി നേരത്തേ നല്‍കിയിരുന്നത്. ഈ ഉത്തരവ് കോടതിയില്‍ നിന്നു സമ്പാദിക്കാത്ത എല്ലാ പെന്‍ഷന്‍കാര്‍ക്കും പൊതുവായി ബാധകമാക്കുമെന്ന ഉറപ്പ് കേന്ദ്ര തൊഴില്‍മന്ത്രി പാര്‍ലമെന്റില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി അവതരിപ്പിച്ച സ്വകാര്യ അംഗ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട്  സഭയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പുതിയ ഉത്തരവ് സുപ്രിംകോടതി വിധിയുടെയും പാര്‍ലമെന്റില്‍ മന്ത്രി നല്‍കിയ ഉറപ്പിന്റെയും നഗ്നമായ ലംഘനമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. നേരിട്ട് ഇപിഎഫില്‍ പണമടയ്ക്കുന്നവരും ഇപിഎഫ്ഒയുടെ അനുമതിയോടെ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് പണം അടയ്ക്കുന്നവരെയും രണ്ടു വിഭാഗമായി തരംതിരിക്കാന്‍ നടത്തുന്ന ശ്രമം തൊഴിലാളിദ്രോഹമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും ഇപിഎഫ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയതായും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it