ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം: വിദഗ്ധ സംഘം ഇന്ന് കരിപ്പൂരിലെത്തും

കരിപ്പൂര്‍: വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജ് നിരീക്ഷണം എളുപ്പമാക്കാന്‍ ഒരുക്കുന്ന ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം പരിശോധിക്കാന്‍ സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോയിലെ ഉന്നതതല സംഘം ഇന്നു കരിപ്പൂരിലെത്തും. വിമാനത്താവളത്തില്‍ രണ്ടു വര്‍ഷം മുമ്പ് ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജീവനക്കാര്‍ എയര്‍ഇന്ത്യയിലില്ലാത്തതിനാല്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. വിമാനത്താവള സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കണമെന്നു വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയതോടെ എയര്‍ ഇന്ത്യ തന്നെ ജീവനക്കാരെ വച്ച് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ രംഗത്തുവരുകയായിരുന്നു. മൂന്നു കോടി രൂപ ചെലവില്‍ ഇറക്കുമതിചെയ്ത അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബാഗേജ് പരിശോധനാ യന്ത്രസംവിധാനമാണ് ഇത്. കണ്‍വെയര്‍ ബെല്‍റ്റിനോട് ചേര്‍ത്തു ഘടിപ്പിച്ച നിരോധിത വസ്തുക്കള്‍ കണ്ടെത്താനുള്ള ശേഷികൂടിയ മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്‌ഫോടക വസ്തുക്കളുടെ ചെറിയ അംശം വരെ കണ്ടെത്താനാവുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, മയക്കുമരുന്ന് ഡിറ്റക്ടര്‍, അത്യാധുനിക എക്‌സ്‌റേ സംവിധാനം ത്രീഡി ഇമേജിങ് എന്നിവ സിസ്റ്റത്തിലുണ്ട്. ബാഗേജില്‍ ഒളിപ്പിച്ച മൈക്രോ അളവുകളിലുള്ള ഉപകരണങ്ങള്‍ പോലും ഇതുവഴി കണ്ടെത്താം. ആര്‍ഡിഎക്‌സ്, ഐഇഡി എന്നിവയുടെ ആയിരത്തില്‍ ഒരുഗ്രാം വരെ തിരിച്ചറിയാന്‍ സംവിധാനത്തിനു സാധിക്കും. മയക്കുമരുന്നുകളുടെ ചെറിയ സാന്നിധ്യവും സെന്‍സറുകള്‍ക്കു തിരിച്ചറിയാനാവും. ബാഗേജുകള്‍ കൈകൊണ്ടു തുറന്നു പരിശോധിക്കുന്ന ഏറെ സമയം വേണ്ട രീതിയാണ് നിലവിലുള്ളത്. ഇന്‍ലൈന്‍ ബാഗേജ് സംവിധാനം വരുന്നതോടെ ബാഗേജുകള്‍ ചെക്ക് ഇന്‍ കൗണ്ടറിലേല്‍പിച്ചാല്‍ മതി. നിയമപ്രകാരമല്ലാത്ത വസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്രക്കാരന്‍ വീണ്ടും ബാഗേജ് പരിശോധനയ്ക്കു കാത്തിരിക്കേണ്ടതുള്ളൂ. അല്ലാത്തപക്ഷം പരിശോധന പൂര്‍ത്തിയാക്കി ടാഗ് പതിച്ചു ബാഗേജുകള്‍ വിമാനത്തിലെത്തും.
Next Story

RELATED STORIES

Share it