ഇന്‍ഡോറില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 10 മരണം

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
60 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ തൂണില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, അപകടകാരണം ഇപ്പോള്‍ പറയാനാവില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മധ്യപ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടല്‍, ലോഡ്ജ് എന്നിവ പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില കെട്ടിടം ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് തകര്‍ന്നു വീണത്. ആശുപത്രിയില്‍ എത്തിച്ച 12 പേരില്‍ 10 പേരാണ് മരിച്ചത്. ഇവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റ രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. 15 മുറികളുള്ള ഹോട്ടല്‍ കെട്ടിടം ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
അപകടത്തെ തുടര്‍ന്ന് സമീപത്തെ രണ്ടു കെട്ടിടങ്ങളിലെയും താമസക്കാരെ ഒഴിപ്പിച്ചു. സുരക്ഷാ നടപടിയെന്ന നിലയിലാണിത്.
Next Story

RELATED STORIES

Share it