Alappuzha local

ഇന്‍കം സപോര്‍ട്ട് സ്‌കീമിലൂടെ 54 കോടി രൂപ നല്‍കി: കയര്‍ മന്ത്രി

ആലപ്പുഴ: ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിലൂടെ സര്‍ക്കാര്‍ 54 കോടി രൂപ കൂലിയായി കയര്‍പിരി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കിയതായി കയര്‍-റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍കേരള 2016 ന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 150 രൂപയായിരുന്ന കൂലി 300 രൂപയായി വര്‍ധിപ്പിച്ചു. ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിലൂടെ സര്‍ക്കാര്‍ 110 രൂപ കൂലിയായി ബാങ്ക് അക്കൗണ്ടുകള്‍ വഴി തൊഴിലാളികള്‍ക്കു നല്‍കി. കയര്‍ സംഭരണത്തിന് കയര്‍ഫെഡിന് സര്‍ക്കാര്‍ ഈ വര്‍ഷം 11 കോടി രൂപയാണ് നല്‍കുന്നത്. ആറരക്കോടി രൂപ നല്‍കിക്കഴിഞ്ഞു.
നാലരക്കോടി രൂപ കൂടി നല്‍കും. ചകിരിനാര് ഉത്പാദനം 75,000 ടണ്ണായി ഉയര്‍ത്താനായി. തൊണ്ടു സംഭരിക്കാന്‍ കുടുംബശ്രീ മുന്നോട്ടു വന്നാല്‍ സഹായം നല്‍കും. തൊഴിലാളികളുടെ അസംതൃപ്തി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം.
2009-10 ല്‍ 9.92 ലക്ഷം രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കയര്‍ ഉത്പന്ന കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 5.40 കോടിയായി ഉയര്‍ത്താനായി. രാജ്യം 1630.34 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതില്‍ 60 ശതമാനവും കേരളത്തില്‍നിന്നുള്ള ഉല്‍പന്നങ്ങളാണ്. കയര്‍മേഖലയുടെ വളര്‍ച്ചയ്ക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്നും കയര്‍മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it