Pathanamthitta local

ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത് വിനയായി; നീലിപിലാവില്‍ വീണ്ടും അപകടം

ചിറ്റാര്‍: ചിറ്റാര്‍-അച്ചന്‍കോവില്‍ പാതയില്‍ തണ്ണിത്തോട്-കൂത്താടിമണ്‍ നീലിപിലാവ് ഭാഗത്ത് റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത് വാഹനങ്ങള്‍ക്ക് വിനയാവുന്നു. പാകിയിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടയില്‍ ടയറിന് പിടിത്തം കിട്ടാത്തതിനാല്‍ നിരവധി വാഹനങ്ങളാണ് തെന്നിമാറി അപകടത്തില്‍പ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകീട്ട് മൂന്നോടെ കോന്നിയില്‍ നിന്നു വടശ്ശേരിക്കരയിലേക്ക് പോയ ജീപ്പ് അപകടത്തില്‍പ്പെട്ടതാണ് അവസാനത്തെ സംഭവം. റോഡില്‍ നിന്നു തെന്നി മാറിയ ജീപ്പ് നിയന്ത്രണംവിട്ട് മാക്രിപാറയ്ക്ക് സമീപം കുഴിയിലേക്ക് മറിയുകയായിരുന്നു. കരണംകുത്തി മറിഞ്ഞ ജീപ്പില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്വകാര്യ കോണ്‍ട്രാക്ടര്‍ മുഖേനെ ഒന്നര കോടി രൂപയോളം ചെലവാക്കിയാണ് റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത്. അന്ന് മുതല്‍ അപകടങ്ങളും തുടങ്ങിയിരുന്നു. ഒരു പരിധിയില്‍ കൂടുതല്‍ വാഹനങ്ങള്‍ വേഗത്തില്‍ പോയാല്‍ അപകടം ഉറപ്പാണ്. ഈ രണ്ട് വീതം കെ എസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സുകളും ഇതുവഴി സര്‍വീസ് നടത്തുന്നു. മറ്റ് നിരവധി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്. മഴ പെയ്താല്‍ ഇതുവഴിയുള്ള ഡ്രൈവിങ് ദുഷ്‌കരമാണെന്ന് ഡ്രൈവര്‍മാര്‍ പരാതി പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇന്റര്‍ലോക്ക് കട്ടകള്‍ക്ക് മുകളില്‍ പരുക്കനുള്ള എന്തെങ്കിലും ഇട്ടാണ് ബസ്സുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നുപോവുന്നത്. മണ്ഡലാകാലമായതോടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാനുള്ള ശ്രമങ്ങളും പൊതുമരാമത്ത് വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.
റോഡിനെക്കുറിച്ച് ഏറെ അറിയാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. യാതൊരു ശാസ്ത്രീയ പരിശോധനകളും നടത്താതെ റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത് കരാറുകാരന് ലാഭം ഉണ്ടാക്കികൊടുക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it