ഇന്റര്‍നെറ്റ് സമത്വം : പോരാട്ടം ജനകീയമാക്കിയതിനു പിന്നില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: ഇന്ത്യയിലെ വമ്പന്‍ ഡാറ്റാ കമ്പോളത്തെ സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ ശ്രമത്തിനെതിരായ പോരാട്ടത്തിനു തുടക്കം കുറിച്ചവരില്‍ മലയാളിയും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കൊല്ലം സ്വദേശി സന്ദീപ് പിള്ള 2014 ഡിസംബറില്‍ ആരംഭിച്ച പോരാട്ടമാണ് ഇന്ത്യയെ നെറ്റ് തുല്യത നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത്.
നിരക്ക് ഇളവിന്റെ മറവില്‍ സൈബര്‍ ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ആഗോള കുത്തകകളുടെ ശ്രമം ശ്രദ്ധയി ല്‍പ്പെട്ടതിനെ തുടര്‍ന്നാണ് 2014 അവസാനത്തോടെ ഇത്തരമൊരു പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ ഇടയാക്കിയതെന്ന് സന്ദീപ് പറഞ്ഞു. ചെയിഞ്ച്. ഓര്‍ഗ് (ര വമിഴല.ീൃഴ) എന്ന വെബ്‌സൈറ്റിലൂടെ പെറ്റീഷന്‍ കാംപയിനാണ് സന്ദീപ് പിള്ള ആദ്യമായി ആരംഭിച്ചത്. തുടക്കത്തില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പ്രതികരണമെങ്കിലും 2015 മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മറ്റൊരു കൂട്ടായ്മ സേവ് ദി ഇന്റര്‍നെറ്റ്(എസ്ടിഐ) എന്ന പേരില്‍ കാംപയിന്‍ ആരംഭിച്ചതോടെ സന്ദീപിന്റെ പോരാട്ടങ്ങള്‍ ജനകീയമായി.
നെറ്റ് ന്യൂട്രാലിറ്റി.ഇന്‍ എന്ന പേരില്‍ ഇഷാന്‍ ശര്‍മ സൈബര്‍ സ്‌പേസില്‍ ആരംഭിച്ച കാംപയിനിലും സന്ദീപ് പങ്കാളിയായി. ഇതിനോടകം 3.75 ലക്ഷം പേരാണ് സന്ദീപ് തുടക്കം കുറിച്ച പെറ്റീഷന്‍ കാംപയിന്‍ വഴി ട്രായിക്ക് പരാതി നല്‍കിയത്.
ലോകത്തിനു തന്നെ മാതൃകയാവുന്നതാണ് ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യുടെ തീരുമാനമെന്ന് സന്ദീപ് തേജസിനോടു പറഞ്ഞു. ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടി യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുന്ന പോരാട്ടങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യയില്‍ നടന്നത്. മറ്റു രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യത്യസ്ത വേഗത്തില്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നതിനെതിരേയാണ് സമരം നടക്കുന്നത്. യുഎസില്‍ കേബിള്‍ ഓപറേറ്റര്‍മാരാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. അതുകൊണ്ടു തന്നെ കേബിള്‍ ഓപറേറ്റര്‍മാര്‍ ഗൂഗ്ള്‍ അടക്കമുള്ള കമ്പനികളുമായി കോടികളുടെ കരാറില്‍ ഏര്‍പ്പെട്ട് ഉപയോക്താക്കള്‍ക്ക് ഇ ന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുത ല്‍ വേഗത്തില്‍ ലഭ്യമാക്കി. ഇതോടെ കുത്തക കമ്പനികളുടെ സേവനം മാത്രം കൂടുതല്‍ വേഗത്തില്‍ ലഭ്യമാവുന്ന അവസ്ഥയുണ്ടായി. ഇതിനെതിരേയാണ് യുഎസില്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കു വേണ്ടിയുള്ള സമരം നടക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായാണ് സമരം നടന്നത്. ഉപയോക്താക്കളുമായി നേരിട്ടു ബന്ധമുള്ളതിനാല്‍ ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടിയുള്ള യഥാര്‍ഥ പോരാട്ടം ഇന്ത്യയിലാണു നടന്നത്. എന്തിനും നാം മറ്റു രാജ്യങ്ങളെ മാതൃകയാക്കുമ്പോള്‍ ഇന്റര്‍നെറ്റ് സമത്വത്തില്‍ ലോകരാജ്യങ്ങ ള്‍ ഇന്ത്യയെ മാതൃകയാക്കുമെന്നും സന്ദീപ് പിള്ള പറഞ്ഞു. ഫേസ്ബുക്ക് റിലയന്‍സുമായി ചേര്‍ന്ന് 300 കോടി ചെലവഴിച്ച് ഫ്രീ ബേസിക്‌സ് എന്ന പേരില്‍ ഇന്റര്‍നെറ്റ് സമത്വത്തിനെതിരേ രംഗത്തു വന്നിട്ടും ഉള്ളടക്കവും സേവനവും പരിഗണിക്കാതെ എല്ലാ ഡാറ്റാ സേവനങ്ങള്‍ക്കും ഒരേ നിരക്കു മാത്രമെ ഈടാക്കാന്‍ പാടുള്ളൂവെന്ന ട്രായിയുടെ നിലപാട് വിപ്ലവകരമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it