Flash News

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യ കെനിയക്കെതിരേ

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യ കെനിയക്കെതിരേ
X

മുംബൈ: ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ ആതിഥ്യം വഹിച്ച പ്രഥമ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സ്വന്തം കാണികള്‍ക്ക് സമര്‍പ്പിക്കാന്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് കെനിയക്കെതിരേ ബൂട്ടണിയും. ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന ഗ്രൂപ്പ് ഘട്ടമല്‍സരത്തില്‍ ഇന്ത്യ കെനിയയെ 3-0ന് പരാജയപ്പെടുത്തിയിരുന്നു. ഫിഫാ റാങ്കിങില്‍ ഇന്ത്യ 97ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 111ാം സ്ഥാനത്താണ് കെനിയയുള്ളത് എന്നതിനാല്‍ ഇന്ത്യക്കാണ് കിരീട സാധ്യത. സൂപ്പര്‍ സ്‌കോറര്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ മികവിലാണ് ഇന്ത്യ മുന്നേറ്റം നടത്തുന്നത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ ഒമ്പത് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ഇതില്‍ ഒരു ഹാട്രിക് ഉള്‍പ്പെടെ ആറ് ഗോള്‍ നേടിയാണ് ടീം നായകനായ ഛേത്രി ഇന്ത്യന്‍ ആരാധകരുടെ വിശ്വാസം കാത്തത്. ആദ്യ രണ്ട് മല്‍സരങ്ങളിലും ചൈനീസ് തായ്‌പെക്കെതിരേയും (5-0) കെനിയക്കെതിരേയും (3-0) ജയം സ്വന്തമാക്കിയ ഇന്ത്യ അവസാന മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് 1-2ന്റെ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയാണ് ഫൈനലിലിറങ്ങുന്നത്. അവസാന മല്‍സരത്തില്‍ ഏഴ് പ്രധാന താരങ്ങളെ വലിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ഇതാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്ക് സമാനമായ പ്രതിരോധമാണ് കെനിയ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരേ മാത്രമാണ് അവര്‍ പരാജയം നേരിട്ടത്. ആദ്യ മല്‍സരത്തില്‍ കിവീസിനെ 2-1ന് പരാജയപ്പെടുത്തിയ അവര്‍ രണ്ടാം മല്‍സരത്തില്‍ 3-0ന് ഇന്ത്യയോട് പരാജയപ്പെട്ടു. എന്നാല്‍ നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ ചൈനീസ് തായ്‌പെയെ 4-0ന് ചുരുട്ടിക്കൂട്ടിയാണ് അവര്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയ ജോക്കിന്‍സ് അറ്റൂഡോയാണ് ആക്രമണത്തില്‍ കെനിയയുടെ തുറുപ്പുചീട്ട്. അവസാന മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടിയാണ് താരം കെനിയന്‍ ടീമിന് കരുത്തായത്.
Next Story

RELATED STORIES

Share it