kozhikode local

ഇന്ന് സര്‍വരാജ്യ തൊഴിലാളി ദിനം : നിസ്വാര്‍ഥസേവനത്തിന്റെ കാവല്‍ പടയാളികളെ ഓര്‍മിക്കുമ്പോള്‍



കോഴിക്കോട്: നിഷ്‌കളങ്കരും പാവപ്പെട്ടവരുമായ തൊഴിലെടുക്കുന്നവരെ അടിമകളായി കണ്ട മുതലാളിത്തവര്‍ഗ്ഗത്തിന് മുന്നില്‍ നട്ടെല്ലു വളക്കാതെ എടുക്കുന്ന ജോലിക്ക് കൂലി ചോദിച്ച് വാങ്ങിയ ഒരുപറ്റം തൊഴിലാളിനേതാക്കളെ ഈ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ ഓര്‍ക്കാതെ വയ്യ. നാടിന്റെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങള്‍ക്കും ഇന്നു കാണുന്ന വളര്‍ച്ചക്കും വേണ്ടി ജീവിതം തന്നെ വളമാക്കിതീര്‍ത്ത സാധാരണ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ട ഒരുപറ്റം നല്ല നേതാക്കളുടെ നഗരമായിരുന്നു കോഴിക്കോട്.അവരുടെ സമര്‍പ്പിത ജീവിതങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ് ഈ മെയ്ദിനം. അവരൊക്കെയും തീപാറുന്ന സമരമുഖത്ത് തൊഴിലാളികളുടെ ജീവിത പ്രയാസങ്ങള്‍ അകറ്റാനുള്ള യജ്ഞമേറ്റെടുക്കുകയായിരുന്നു.നഗരത്തിന്റെ നാറുന്ന ഓടകളും കക്കൂസുകളും വൃത്തിയാക്കാന്‍ മദിരാശി പറയന്‍മാരെയും പറച്ചികളെയും നഗരത്തിലെത്തിക്കുകയും അവരുടെ ജീവിതം ദുരിതപൂരിതമാക്കുകയും ചെയ്ത ഭരണകൂടത്തിനെതിരെ ശബ്ദിച്ച കരുണന്‍. നഗരത്തില്‍ തോട്ടി വേല ചെയ്തവരെ സംഘടിപ്പിച്ച് ശക്തരാക്കിയ കരുണന്‍ തന്റെ പേരിന് മുന്നില്‍ ഒരു പദവിയുടെ ചിഹ്്‌നം പോലെ തോട്ടി എന്ന് ചേര്‍ത്തെഴുതി തോട്ടി കരുണനായി അറിയപ്പെട്ടുവെന്നത് ഈ നഗരത്തില്‍ മാത്രം സംഭവിച്ച സത്യമാണ്. സമ്പന്നതയുടെ കൊടുമുടിയില്‍ നിന്നും താഴെ ഇറങ്ങി തൊഴിലാളികള്‍ക്ക് വേണ്ടി പോരാടാനായി ജീവിതം നീക്കിവെച്ച എച്ച് മഞ്ജുനാഥ റാവു. ബിഎ ബിരുദത്തില്‍ ഒന്നാം റാങ്കുകാരനായ റാവുവിനെ തേടി ഉന്നത പദവിയിലുള്ള ഉദ്യോഗം തേടി വന്നിട്ടും അതിന് നിന്നുകൊടുക്കാതെ തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം ജീവിതം തുന്നിച്ചേര്‍ത്തു. ത്യാഗത്തിനുള്ള പ്രതിഫലമെന്നോണം കോഴിക്കോടിന്റെ നഗരപിതാവാകാനും കഴിഞ്ഞു. കൃഷ്ണപിള്ളയുടെ ആഹ്വാനമനുസരിച്ചായിരുന്നു നല്ലവനായ കമ്മ്യൂണിസറ്റ്കാരന്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിയത്. വലിയങ്ങാടിയില്‍ കയറ്റിറക്ക് മേഖലയില്‍ ഒരു സംസ്ഥാന നേതാവുണ്ടായിരുന്നു. ഇ കെ കെ മുഹമ്മദ്. ജീവിതംമുഴുവന്‍ തന്റെ പഴയ സൈക്കിളില്‍ ചെന്ന് തൊഴിലാളികളുടെ ജീവിതപ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് സഹായഹസ്തം നല്‍കിയ ധീരനായിരുന്നു ഇ കെ കെ.ഏത് കൊലകൊമ്പനായാലും രണ്ടു ന്യായം പറഞ്ഞ് കൂലി കൂടുതല്‍ ചോദിക്കാനും അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും ഇ കെ കെക്ക് കഴിഞ്ഞു.നേതാക്കളെല്ലാം കൊടിവെച്ച കാറില്‍ സുഖലോലുപതയില്‍ കഴിയുമ്പോഴും അന്നത്തെ തൊഴിലാളി നേതാക്കളില്‍ പലരും അര്‍ധപട്ടിണിയുമായിട്ടായിരുന്നു കര്‍മ്മരംഗത്ത് നിലനിന്നിരുന്നത്. എസ്ടിയുവിന്റെ സംസ്ഥാന അമരക്കാരനായിട്ടും ലളിതജീവിതം നയിച്ച മഹാത്മാവ്.കാരപ്പറമ്പിലെ ഇംഗ്ലീഷുകാരുടെ ഭരണത്തിലുണ്ടായിരുന്ന ‘കാരാകാഷ്യു’ എന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന ഐ പി കൃഷ്ണന്‍. ഐഎന്‍ടിയുസി ഓഫിസില്‍ തന്നെയായിരുന്നു ഉറക്കം. ഇന്ത്യന്‍ റെയില്‍വേയില്‍ തൊഴിലാളിയായിരിക്കെ റെയില്‍വെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ പോരാളി കല്ലാട്ട് കൃഷ്ണന്‍. റെയില്‍വെ ജോലിയില്‍ നിന്നും തന്നെ പിരിച്ചുവിട്ടിട്ടും തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദിച്ചു. സംസ്ഥാനത്തെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരന്‍. ഗ്വോളിയോര്‍ റയോണ്‍സില്‍ നടന്ന തൊഴിലാളി സമരങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തിയായിരുന്നു കല്ലാട്ട്.അഡ്വ. പി വി ശങ്കരനാരായണനും കുട കമ്പനി തൊഴിലാളികളെ സംഘടിപ്പിച്ച സെയ്ദുവും കയര്‍ തൊഴിലാളി നേതാവ് പി കെ ബാലകൃഷ്ണനുമൊക്കെ തങ്ങളുടെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തതും തൊഴിലാളി മേഖലയെ തന്നെ. കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരിക്കെ വലിയങ്ങാടിയിലെ അട്ടിമറിതൊഴിലാളികളേയും സൈക്കിളില്‍ ചായ വില്‍ക്കുന്നവരേയും സംഘടിപ്പിച്ച സി എച്ച് ഹരിദാസിനെ നഗരം എന്നും ഓര്‍ക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ യൂനിയന്‍ പ്രസിഡന്റ് സ്ഥാനമലങ്കരിച്ച ഈ യുവാവാണ് നാഷണല്‍ കമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് യൂനിയനു തുടക്കം കുറിച്ചത്. കെ പി കുട്ടികൃഷ്ണന്‍ നായര്‍ എന്ന വന്ദവയോധികനെ ഓര്‍മിക്കാതെ നേതാക്കളുടെ ലിസ്റ്റ് പൂര്‍ണ്ണമാവില്ല. രാവും പകലും ഊണും ഉറക്കവുമില്ലാതെ മില്‍തൊഴിലാളികളടക്കമുള്ളവരുടെ മികച്ച ജീവിതം മാത്രം സ്വപ്‌നം കണ്ട മനുഷ്യന്‍.പത്രപ്രവര്‍ത്തനരംഗത്ത് ട്രേഡ് യൂനിയന്‍ പ്രസ്ഥാനം വേണമെന്ന് കണ്ടറിഞ്ഞ് പത്രക്കാര്‍ക്കുള്ള തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കുന്നതില്‍ മുന്‍നിരയിലായിരുന്നു ടി രാമനുണ്ണി. തന്റെ ഓഫിസും യാത്രയും ഒരു സൈക്കിളിലായിരുന്നുവത്രെ. രശീതിബുക്കുകളും മെമ്പര്‍ഷിപ്പ് കാംപയിനുമൊക്കെ ഈ സൈക്കിള്‍ യാത്രയില്‍ നടത്തും. വി ചന്ദ്രന്‍ നായര്‍, കെ എം കുട്ടികൃഷ്ണന്‍, അയ്യപ്പുട്ടി, പി ടി രാജന്‍, കെ സോമന്‍, അളത്തില്‍ വാസു, ഇ വി വേലായുധന്‍, ഒടുവില്‍ അമ്പലപ്പള്ളി മാമുക്കോയ ഇങ്ങിനെ എത്രയെത്ര നേതാക്കളുടെ ജീവിതവം മൂലമാണ് ഇന്ന് എതു മേഖലയിലെയും തൊഴിലാളികള്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ആഭിജാത്യത്തോടെയും ജീവിക്കാനാവുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന തൊഴിലാളി നേതാക്കള്‍ക്ക് ഇവരുടെയൊക്കെ ജീവിതം എപ്പോഴെങ്കിലുമൊക്കെ ഒന്ന് ഓര്‍ത്തെടുക്കുന്നത് നന്ന്. ത്യാഗോജ്വലമായ ഈ ജീവിതങ്ങളൊക്കെയും കനല്‍ വഴികളില്‍ സഞ്ചരിച്ചവരായിരുന്നു. പുതിയ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിന്റെ സുഖലോലുപതയെന്നും പൂര്‍വസൂരികള്‍ സ്വപ്‌നം കാണുകപോലും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it