Life Style

ഇന്ന് ലോക വികലാംഗദിനം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ഇന്ന് ലോക വികലാംഗ ദിനം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാനാവാതെ ആയിരക്കണക്കിന് ആളുകള്‍ ദുരിതപാത തീണ്ടുന്നു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസല്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നിരവധി ആളുകളാണ് ഇപ്പോഴും ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അന്യമാണ്. ജന്മനാ വളര്‍ച്ച മുരടിച്ചവര്‍, കാഴ്ച നഷ്ടപ്പെട്ടവര്‍, അംഗവൈകല്യം ബാധിച്ച് ജനിച്ചവര്‍ തുടങ്ങി സമൂഹത്തിന്റെ പരിഗണന ലഭിക്കേണ്ട വിഭാഗമാണ് ഇന്നും പരിധിക്കു പുറത്തുള്ളത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭോപ്പാല്‍ മാതൃകയി ല്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യവും ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. 2014ല്‍ പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രചാരണത്തിനെത്തിയ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ചു പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ നടപടിയായിട്ടില്ല.
7000ഓളം ആളുകള്‍ക്കു മാത്രമാണ് ഇപ്പോള്‍ ജില്ലയില്‍ പെ ന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. ഈ പെന്‍ഷന്‍ എത്രകാലം തുടരുമെന്ന് ഇനിയും വ്യക്തമല്ല. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ ദുരിതബാധിതര്‍ക്കു തിരിച്ചടിയാവുന്നുണ്ട്. ജില്ലയിലെ 11 പഞ്ചായത്തുകളാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്.ഇതുകൂടാതെ പത്തോളം പഞ്ചായത്തുകളില്‍ ദുരിതബാധിതര്‍ വസിക്കുന്നുണ്ട്. ഇവര്‍ക്ക് പരിധിയില്ലാതെ ആനുകൂല്യവും ചികില്‍സയും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതും നടപ്പിലായിട്ടില്ല.
Next Story

RELATED STORIES

Share it