palakkad local

ഇന്ന് ലോക റേഡിയോ ദിനം: ശ്രോതാക്കള്‍ കുറഞ്ഞതായി പഠനം

പാലക്കാട്: ആധുനിക ലോകത്തെ വാര്‍ത്താ വിനിമയോപാധികള്‍ക്കായി നിരവധി സംവിധാനങ്ങള്‍ കടന്നു വന്നതോടെ റേഡിയോയുടെ ഉപയോഗം കുറയുന്നതായി പഠനങ്ങള്‍. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും റേഡിയോ ഉപയോഗിക്കുന്നവര്‍ അധികമാണെന്നും പറയുന്നുണ്ട്. എഫ്എം  റേഡിയോ സ്റ്റേഷനുകള്‍ വ്യാപകമായതോടെ വാഹനങ്ങളിലും മറ്റുമുള്ള റേഡിയോ ശ്രോതാക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഒരു കാലഘട്ടം മുഴുവന്‍ ചെവിയോട് ചേര്‍ത്തുപിടിച്ച പഴഞ്ചന്‍ പാട്ടുപെട്ടികള്‍ ഓര്‍മകളാവുകയാണ്. സംസ്ഥാനത്തെ 90 ശതമാനം വീടുകളിലും ടിവിയുണ്ടെന്നും 30 ശതമാനം പേര്‍ മാത്രമാണ് റേഡിയോ ഉപയോഗിക്കുന്നതെന്നുമാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വ്വേ പ്രകാരം കേരളം കഴിഞ്ഞാല്‍ ടിവിയുടെ ഉപയോഗം കൂടുതലുള്ളത് ഹിമാചല്‍ പ്രദേശാണ്. ആന്ധ്രാ, ആസം എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 40, 45 ശതമാനമാണ് ടിവിയുടെ ഉപയോഗം. രാജ്യത്ത് റേഡിയോയുടെ കാര്യത്തില്‍ പിന്നിലുള്ളത് മണിപ്പൂര്‍, ഡല്‍ഹി, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ്.  ഇവിടങ്ങളിലെ റേഡിയോ ഉപയോഗം 30 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റേഡിയോ ശ്രോതാക്കളുള്ള കാണ്‍പൂരില്‍ 53 ശതമാനമാണ് റേഡിയോ സാന്ദ്രത. മൊബൈല്‍ ഫോണിലും കാറുകളിലും എഫ്എം റേഡിയോ ആസ്വാദിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നാണ് പറയുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ ക്യാംപുകളിലും റേഡിയോയുടെ സാന്നിധ്യമേറെയാണ്. ഭൂതകാലങ്ങളില്‍ പ്രാദേശിക വാര്‍ത്തകള്‍, വയലും വീടും, ചലചിത്രഗാനങ്ങളുമായി സജീവമായ റേഡിയോകള്‍ വര്‍ത്തമാനകാലത്തെ നൂനതന സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തില്‍ വിസ്മൃതിയിലാവുകയാണ്.
Next Story

RELATED STORIES

Share it