wayanad local

ഇന്ന് ലോക രക്തദാന ദിനം : ആയിരങ്ങള്‍ക്ക് രക്തം ദാനം ചെയ്ത് ജില്ലാ ആശുപത്രി ബ്ലഡ് ഡോണേഴ്‌സ് ഫോറം



മാനന്തവാടി: അടിയന്തര ഘട്ടത്തില്‍ ആയിരങ്ങള്‍ക്ക് രക്തം നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ചാരിതാര്‍ഥ്യവുമായി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍. ലോക രക്തദാന ദിനം സംസ്ഥാനമൊട്ടുക്കും വിപുലമായ പരിപാടികളോടെ ആചരിക്കുമ്പോള്‍ ജില്ലാ ആശുപത്രി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്തം നല്‍കി അനേകായിരം പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 2010ല്‍ ഏഴുപേര്‍ ചേര്‍ന്നാണ് ഫോറം രൂപീകരിച്ചത്. 2013ല്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ 18 പേര്‍ ഫോറത്തില്‍ പ്രതിഫലം കാംക്ഷിക്കാതെ നിസ്വാര്‍ഥ സേവനം നടത്തുന്നു. വളരെ അപൂര്‍വമായ ബി പോസിറ്റീവ് ഗ്രൂപ്പുകരാണ് ഇവരില്‍ ഭൂരിഭാഗവും. കോഴിക്കോട് മെഡിക്കല്‍ കോളജ്, വിവിധ സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ്, മൈസൂരു എന്നിവിടങ്ങളിലെല്ലാം പോയി ഇവര്‍ രക്തം നല്‍കിയിട്ടുണ്ട്. ഇത്തരം യാത്രകളിലെല്ലാം സ്വന്തം കൈയില്‍ നിന്നു പണം മുടക്കിയാണ് ചെലവുകള്‍ വഹിക്കുന്നത്. ഫോറം പ്രസിഡന്റ് എം പി ശശികുമാര്‍, വൈസ് പ്രസിഡന്റ് നൗഷാദ് ചാത്തുള്ളില്‍, സജീവ പ്രവര്‍ത്തകന്‍ ഷാജി കോമത്ത്, ഷംസുദ്ദീന്‍ എന്നിവര്‍ 60 തവണയോളം രക്തം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം ഏകദേശം 2000ത്തോളം പേര്‍ക്ക് രക്തം നല്‍കുന്നു. രക്തദാനം ജീവദാനം എന്ന സന്ദേശം മുറുകെ പിടിച്ച് അനേകായിരങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുനല്‍കുന്ന ഫോറം പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാവുകയാണ്. ഫോറത്തിലെ അംഗങ്ങളില്‍ 13 പേരും ഡ്രൈവര്‍മാരാണെന്നതും ശ്രദ്ധേയമാണ്. രക്തദാനം മാത്രമല്ല, ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടും മാനന്തവാടി നഗരവുമായി ബന്ധപ്പെട്ടുമുള്ള സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും ഇവരുടെ സജീവസാന്നിധ്യം കാണാം. രക്തദാന ദിനത്തോടനുബന്ധിച്ച് 5000 പേരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറിയും ഫോറം പുറത്തിറക്കുന്നുണ്ട്. നിരവധി പേര്‍ക്ക് ഏറെ ഗുണകരമായി മാറുന്ന ഇത്രയും വലിയ ഡയറക്ടറി ജില്ലയില്‍ ആദ്യത്തേതാണെന്നും പറയപ്പെടുന്നു. മെഡിക്കല്‍ കോളജ് ഇല്ലാത്ത ജില്ലയെന്ന നിലയില്‍ വയനാട്ടില്‍ രക്തദാനത്തിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 24 മണിക്കുറും കര്‍മനിരതരായ ഇവരുടെ സേവനം ഏറെ പ്രശംസയര്‍ഹിക്കുന്നതാണ്. ഫോറത്തിന്റെ പ്രവര്‍ത്തനം ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it