Flash News

ഇന്ന് ലോക രക്തദാനദിനം; അനിയന്ത്രിത രക്തദാനം ദുരന്തമാവുമ്പോഴും സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നു

നിഖില്‍  എസ്  ബാലകൃഷ്ണന്‍

കൊച്ചി: ഇന്ന് ലോക രക്തദാനദിനം. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒാരോ മിനിറ്റിലും ലോകത്ത് രണ്ടുപേര്‍ രക്തം ദാനംചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നുണ്ട്. ഒരുവര്‍ഷം 112.5 ദശലക്ഷം ലിറ്റര്‍ രക്തം ദാനംചെയ്യപ്പെടുന്നുണ്ട്. രക്തദാനത്തിലൂടെ ഒരു ജീവനാണ് സംരക്ഷിക്കപ്പെടുന്നത്. ഇത്രയും പ്രാധാന്യമേറിയ പ്രക്രിയയായിട്ടു കൂടി സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യത്തില്‍ ആവശ്യമായ ജാഗ്രതപുലര്‍ത്തുന്നില്ലെന്നതാണു വാസ്തവം.
തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണു കേട്ടത്. ആര്‍ക്കും എവിടെ വച്ചും എത്രതവണ വേണമെങ്കിലും രക്തം ദാനംചെയ്യാമെന്ന അവസ്ഥയാണ് ഇത്തരം അപകടങ്ങളിലേക്കു നയിക്കുന്നത്. മാധ്യമവാര്‍ത്തയായതോടെയാണ് ആര്‍സിസിയിലെ സംഭവം പുറംലോകം അറിഞ്ഞത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിച്ച് എച്ച്‌ഐവി ബാധിച്ച പലരുടെയും കഥകള്‍ പുറംലോകത്തേക്ക് എത്തിയിട്ടില്ലെന്നതാണു വാസ്തവം.
സംസ്ഥാനത്ത് 180ഓളം ബ്ലഡ് ബാങ്കുകളുണ്ടെന്നാണു കണക്ക്. രക്തം നല്‍കുന്ന വ്യക്തി പിന്നീട് മൂന്നുമാസത്തിനു ശേഷം മാത്രമേ അടുത്ത രക്തദാനത്തിന് തയ്യാറാകാവൂ. എന്നാല്‍, ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നു. ബ്ലഡ് ബാങ്കുകള്‍ക്ക് പുറമേ ചെറുതും വലുതുമായ ആശുപത്രികളിലും രക്തം സ്വീകരിക്കപ്പെടുന്നു. കച്ചവടതാല്‍പര്യത്തോടെ രക്തം ദാനം ചെയ്യുന്നവര്‍ മൂന്നുമാസത്തെ വിശ്രമമെന്ന കാര്യം പരിഗണിക്കുന്നില്ല. ഇതു നിയന്ത്രിക്കണമെന്ന് ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി എം ജാഫര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ രക്തം ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ഇക്കാര്യത്തിലും സര്‍ക്കാര്‍ അടിയന്തരമായി ഇടെപടണം. ഇതിനായി ബ്ലഡ് ബാങ്കുകളിലൂടെ മാത്രമേ രക്തം ദാനം ചെയ്യാന്‍ പാടുള്ളൂവെന്ന നിലവിലെ നിയമം കര്‍ശനമാക്കണം. രക്തം ദാനം ന ല്‍കിയ വ്യക്തിയുടെ വിവരങ്ങ ള്‍ കൃത്യമായി സൂക്ഷിക്കണം. നിലവില്‍ ആര്‍സിസിയില്‍ ആവശ്യമായ രക്തത്തിനു പകരം ഏതെങ്കിലും ഗ്രൂപ്പ് സ്വീകരിക്കുന്ന പതിവ് നിര്‍ത്തിലാക്കിയിട്ടുണ്ട്. ഏത് ബ്ലഡ് ഗ്രൂപ്പാണോ ആവശ്യമായി വരുന്നത് ആ ഗ്രൂപ്പിലുള്ള രക്തം തന്നെ ആര്‍സിസിയിലെത്തിക്കണമെന്നാണു നിലവിലെ ചട്ടം. അപൂര്‍വ രക്തഗ്രൂപ്പുള്ളവര്‍ ഇൗ നിയമം കച്ചവടത്തിനായി ദുരുപയോഗം ചെയ്യുന്നു. രക്തദാനത്തിന്റെ മഹത്ത്വം വിസ്മരിക്കുന്നവരെ നിയന്ത്രിച്ച് രക്തദാനം കടമയായി കാണുന്നവരെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിലപാടുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.
നാട്ടിന്‍പുറങ്ങളിലാണ് നിലവില്‍ ബ്ലഡ് ബാങ്കുകളുടെ ആവശ്യം. സൗകര്യപ്രദമായ സര്‍ക്കാ ര്‍-സര്‍ക്കാരിതര ആശുപത്രികളെ തിരഞ്ഞെടുത്ത് രക്തബാങ്ക് തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. ഒാരോ 10 കിലോമീറ്റര്‍ ചുറ്റളവിലും സുരക്ഷിതമായ രക്തദാനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, രക്തദാനത്തിന്റെ പ്രാധാന്യവും അവബോധവും ആളുകളിലേക്ക്് എത്തിക്കുന്നതു വഴി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃക കാണിക്കണം.
Next Story

RELATED STORIES

Share it