kozhikode local

ഇന്ന് ലോക പരിസ്ഥിതി ദിനം : ഒരു ദേശത്തിന്റെ പച്ചപ്പ് എവിടെ?



കെ അഞ്ജുഷ

കോഴിക്കോട്: പ്രകൃതിയെ യും പരിസ്ഥിതിയെയും വര്‍ണിച്ച് നിരവധി സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഇന്നിന്റെ ഓര്‍മകളെക്കാള്‍ ഇന്നലെകളിലെ സാഹിത്യത്തില്‍ ഒരു നാടിന്റെ സൗന്ദര്യത്തെ തന്നെ വരച്ചും വച്ചിട്ടുണ്ട്. വായനക്കാരന്റെ ഓര്‍മകളിലെ അങ്ങനെയുള്ള ഒരു പച്ചപ്പാണ് അതിരാണിപ്പാടവും ആനക്കുളവും. അതിരാണിപ്പാടം ഒരു ഗ്രാമസൗന്ദര്യം തന്നെ. ആനക്കുളം എന്ന പേരില്‍ ജലസമൃദ്ധിയുടെ തണുപ്പും നമുക്ക് നുഭവിച്ചറിയാം. ഇന്ന് ഒരു ദിവസം ഈ ഓര്‍മകള്‍ക്കെല്ലാം പ്രസക്തിയേറും. കാരണം ഇന്ന് ലോക പരിസ്ഥിതിദിനമാണ്. അതിരാണിപ്പാടവും ആനക്കുളവും ഇന്ന് ഓര്‍മകള്‍ മാത്രമാവുന്നു. സഞ്ചരിച്ച വഴികളെയെല്ലാം സാഹിത്യത്തിന്റെ ഭാഗമാക്കിയ എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ അതിരാണിപ്പാടം. അങ്ങനെ ഒരു പാടം നഗരഹൃദയത്തില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഫ്രാന്‍സിസ് റോഡ് ഓവര്‍ബ്രിഡ്ജിന്റെ പരിസര ദേശത്ത്. ഇന്നിവിടം സമ്പന്നതയുടെ അടയാളപ്പെടുത്തല്‍ പോലെ നഗരവകസനത്തിന്റെ അറിയിപ്പായി കൂറ്റന്‍മണി മന്ദിരങ്ങളും കെട്ടിടങ്ങളും മാത്രം. കാഞ്ഞിരത്തിന് അടുത്ത് നല്ല കുളിര്‍മയുണ്ടാവും. ഉച്ചവെയിലിന്റെ കുത്തേല്‍ക്കുമ്പോള്‍ കാഞ്ഞിരത്തിന്റെ കൊഴുത്ത പച്ചിലകള്‍ക്ക് കാന്തിയും കരുത്തും വര്‍ധിക്കുന്നതുപോലെ തോന്നുന്നു. തണലിന് തണുപ്പും.എസ്‌കെ പൊറ്റാക്കാടിന്റെ നോവലില്‍ മരത്തെ വര്‍ണിച്ചതാണ്. കയ്പിന്റെ ലഡുവാണ് കാഞ്ഞിരക്കുരു. ആ കാഞ്ഞിരത്തെ പോലും ആരും സ്‌നേഹിച്ച് പോവും. പൂതത്താന്‍ കാട്ടില്‍ എട്ട് ദിക്കിലേക്കും ചെറിഞ്ഞ് നില്‍ക്കുന്ന എട്ട് അത്തിമരങ്ങളും ഇവിടെ വിവരിക്കുന്നു.നഗരത്തിനകത്തു തന്നെയായി ആനക്കുളവും ഭഗവതിക്ഷേത്രവും. അനേകം കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കിയ വലിയ കുളം. അംബര ചുംബികളായ ആകാശ കൊട്ടാരങ്ങള്‍ക്കടിയില്‍ ഒരു ഖബറിനകത്ത് എന്ന പോലെ കോഴിക്കോടിന്റെ പച്ചപ്പും ഉറങ്ങുന്നുണ്ട്. വിശാലമായ നെല്‍വയലുകളും ചാലിയും(വെള്ളം നിറഞ്ഞ താണ പ്രദേശം), തെങ്ങിന്‍ തൈകള്‍ അണിനിരന്ന പഴയ വയല്‍വരമ്പുകളും എള്ളിന്‍ തണ്ട് മണക്കുന്ന വയലുകളും ഓലപ്പുരകളെ മറച്ചിരിക്കുന്ന മൈലാഞ്ചിച്ചെടികളും എല്ലാം കോഴിക്കോട് നഗരത്തിന്റെ വികസനത്തില്‍ മായ്ക്കപ്പെട്ടവയാണ്. പറമ്പിനോട് അഭിമുഖമായി കുന്നിന്‍ പാര്‍ശ്വങ്ങള്‍ വെട്ടിശരിപ്പെടുത്തി ഉണ്ടാക്കുന്ന പടവു കണ്ടങ്ങള്‍ ഒന്നാംകണ്ടവും രണ്ടാം കണ്ടവും ഇന്നില്ല. പഴയ പച്ചപ്പിന്റെ മുകളിലാണ് കോഴിക്കോട് നഗരത്തിന്റെ ഇന്നത്തെ പുതിയ മുഖം വരയ്ക്കപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it