Flash News

ഇന്ന് 'യൂറോപ്യന്‍ വിപ്ലവം'

മോസ്‌കോ:  കാല്‍പ്പന്തുകളിയുടെ യൂറോപ്യന്‍ പ്രതീക്ഷകള്‍ ഇന്ന് സമാറയിലെ കലിനിന്‍ഗ്രാഡ് സ്‌റ്റേഡിയത്തില്‍ മാറ്റുരക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരക്ക് റഷ്യയിലെ കലിനിന്‍ഗ്രാഡ് സ്‌റ്റേഡിയത്തിലാണ് യൂറോപ്യന്‍കരുത്തരായ ഇംഗ്ലണ്ടും സ്വീഡനും ക്വാര്‍ട്ടറില്‍ മുഖാമുഖ പോരാട്ടത്തിനൊരുങ്ങുന്നത്. കേവലം രണ്ടു രാജ്യങ്ങള്‍ എന്നതിനേക്കാള്‍ യൂറോപ്യന്‍ കരുത്തിന്റെ അഭിമാനപ്പോരാട്ടമാവും ഇവിടെ അരങ്ങു തകര്‍ക്കുക.

പ്രീമിയര്‍ ലീഗ്
കരുത്തില്‍ ഇംഗ്ലണ്ട്
യുവരക്തങ്ങളുടെ പോരാട്ടവീര്യമാണ് ഇംഗ്ലണ്ടിനെ കരുത്ത്. ലോകകപ്പിലെ ഏറ്റവും സന്തുലിതമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്. കൂടെ ശാന്തനായൊരു പോരാളിയെ മുന്നില്‍ ആക്രമണച്ചുമതല ഏല്‍പ്പിച്ചു. ഹാരി കെയ്ന്‍.ഒരു മിനി പ്രീമിയര്‍ ലീഗ് ടീമെന്ന് ഇംഗ്ലണ്ട് ടീമിനെ വിശേഷിപ്പിക്കാം. കളിക്കുന്ന താരങ്ങളെല്ലാം പ്രീമിയര്‍ ലീഗ് താരങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ആക്രമണ ഫുട്‌ബോള്‍ മല്‍സരത്തിലൊട്ടാകെ കാഴ്ചവയ്ക്കാനും ഇതോടെ ടീമിനു കഴിയുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് ജീ റണ്ണറപ്പുകളായാണ് ടീം പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ദുര്‍ബലരായ തുണീസ്യക്കെതിരെയും പാനമയ്‌ക്കെതിരെയും ആക്രമണ ഫുട്‌ബോളിന്റെ അഴിഞ്ഞാട്ടം നടത്തിയ ഇംഗ്ലണ്ട് വിയര്‍ത്തുപോയത് ബെല്‍ജിയത്തിന്റെ കടന്നാക്രമണത്തിനു മുന്നിലാണ്. ആദ്യ മല്‍സരത്തില്‍ പാനമയ്‌ക്കെതിരേ 2-1ന്റെ വിജയത്തോടെയാണ് ഇംഗ്ലീഷ് നിര വരവറിയിച്ചത്.
ഹാരി കെയ്‌നെന്ന ഇംഗ്ലീഷ് നായകന്‍ ഇരട്ട ഗോളുകള്‍ നേടി ലോകകപ്പിലേക്കുള്ള തന്റെ വരവറിയിച്ചു. തുണീസ്യക്കെതിരെയുള്ള രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെയും നായകന്‍ ഹാരി കെയിനിന്റെയും വിശ്വരൂപം കണ്ട മല്‍സരത്തില്‍ 6-1ന്റെ കൂറ്റന്‍ ജയം ഇഗ്ലീഷ് നിര സ്വന്തമാക്കി. മല്‍സരത്തില്‍ കെയ്ന്‍ ഹാട്രിക് നേടിയിരുന്നു. കരുത്തരായ ബെല്‍ജിയത്തിനെതിരെയുള്ള മല്‍സരത്തില്‍ മാത്രമാണ് ഇഗ്ലീഷ് തന്ത്രങ്ങള്‍ പാളിയത്. ടൂര്‍ണമെന്റിലെ ആദ്യ പരാജയം രുചിച്ച് ബ്രീട്ടിഷ് പട പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. കൊളംബിയക്കെതിരെയുള്ള ടീമിന്റെ വിജയം ഒരര്‍ഥത്തില്‍ ഒരു പാഠമായിരുന്നു. ദുര്‍ബലരായ ടീമുകള്‍ക്കെതിരെയുള്ള വിജയം ടീമിനെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാക്കുകയില്ല എന്ന പാഠം. പ്രീക്വാര്‍ട്ടറില്‍ ആവേശകരമായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ടീം കൊളംബിയയെ തകര്‍ത്ത് ക്വാര്‍ട്ടറിന് യോഗ്യരായി. സുവര്‍ണപാദുകത്തിലേക്ക് മുന്നേറുന്ന കെയ്‌നിനു തന്നെയാകും ഇഗ്ലീഷ് അക്രമണത്തിന്റെ ചുമതല.

പ്രതിരോധക്കോട്ട കെട്ടി സ്വീഡന്‍
മുന്‍കാല പ്രതാപത്തിന്റെ കനല്‍ മാത്രമാണ് ഇപ്പോഴത്തെ ടീമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് സ്വീഡിഷ് ടീമിന്റെ ആവശ്യമാണ്. മല്‍സരം ഒറ്റയ്ക്കു വരുതിയിലാക്കുന്ന സ്ലാട്ടന്‍ ഇബ്രഹിമോവിച്ചിനെപ്പോലെയുള്ള താരത്തിന്റെ അഭാവമാണ് സ്വീഡന്റെ ഏറ്റവും വലിയ പോരായ്മ. വിറച്ചു വിയര്‍ത്താണ് സ്വീഡന്‍ പ്രീക്വാര്‍ട്ടറിലേക്കും അവിടെനിന്ന് ക്വാര്‍ട്ടറിലേക്കും മുന്നേറിയത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണകൊറിയക്കെതിരേ 1-0ന്റെ വിജയത്തോടെയാണ് സ്വീഡന്‍ ലോകകപ്പിന് തുടക്കംകുറിച്ചത്. രണ്ടാം മല്‍സരത്തില്‍ ജര്‍മനി 2-1ന് സ്വീഡനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കളിച്ച സ്വീഡന്‍ മെക്‌സിക്കോയ്‌ക്കെതിരേ 3-1ന്റെ ആധികാരിക ജയം സ്വന്തമാക്കി.
പന്ത് കൈയടക്കിവച്ച് മല്‍സരത്തെ സമീപിക്കുന്ന കളിശൈലിയില്‍ നിന്നും കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോള്‍ പരീക്ഷിച്ച കോച്ച് ജാനെ ആന്‍ഡേഴ്‌സന്റെ തന്ത്രം വിജയം കണ്ടു. ഇതേ ശൈലി തന്നെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ പരീക്ഷിച്ച സ്വീഡിഷ് പട 1-0 ന്റെ ആധികാരിക ജയവും കൈക്കലാക്കിയാണ് ഇന്നത്തെ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്. മുന്നേറ്റ താരങ്ങളുടെ ഫോമില്ലായ്മയാണ് ടീമിനെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. കളിച്ച മല്‍സരത്തിലെല്ലാം ഗോളുകള്‍ നേടിയത് പ്രതിരോധതാരങ്ങളാണ്. ഒരു മുന്നേറ്റതാരം പോലും റഷ്യയില്‍ സ്വീഡനായി വലകുലുക്കിയിട്ടില്ല. പ്രതിരോധ താരം മാര്‍ക്കസ് ബര്‍ഗിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമാവും.
മൂന്നു തവണയാണ് ലോകകപ്പില്‍ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഓരോ മല്‍സരങ്ങള്‍ വീതം  ഇരു ടീമുകളും വിജയിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു.
Next Story

RELATED STORIES

Share it