ഇന്ന് യുഡിഎഫ് യോഗം; കെ ബാബുവിന്റെ രാജിയില്‍ അന്തിമതീരുമാനമെടുക്കും 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ ആരോപണങ്ങളില്‍ സര്‍ക്കാരിലും മുന്നണിയിലുമുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരും. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കാനുള്ള വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് യോഗം നിശ്ചയിച്ചതെങ്കിലും ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ ആശ്വാസത്തിലാണ് ഇന്നത്തെ യുഡിഎഫ് യോഗം ചേരുന്നത്. കെ ബാബുവിന്റെ രാജിയിലുള്ള അന്തിമതീരുമാനവും സരിതയുടെ ആരോപണങ്ങള്‍ തുറന്നുവിട്ട പ്രതിസന്ധിയയെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും.
അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ്-എമ്മും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കേരളയാത്ര നടക്കുന്നതിനാല്‍ നേതാക്കള്‍ക്ക് പെട്ടെന്ന് എത്താനാവില്ലെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു.
കെ ബാബുവിന്റെ രാജി സ്വീകരിക്കണമോ എന്നതിലും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമതീരുമാനമുണ്ടാവും. കെ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ചര്‍ച്ചയിലുണ്ടായ ധാരണ. ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ രാജിക്ക് പ്രസക്തിയില്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേയുള്ള വിജിലന്‍സ് കോടതി പരാമര്‍ശത്തിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കെ ബാബു രാജിവയ്ക്കുന്നത് ഇരട്ടനീതിയാവുമെന്നും സര്‍ക്കാരിനെതിരേ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ വാദം.
സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതോടെ മുന്നണിയിലുണ്ടായ പ്രതിസന്ധി രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ മുഖ്യഅജണ്ടയായി ചര്‍ച്ച നടത്തും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുള്ള നയവിശദീകരണ യോഗം ഉള്‍പ്പെടെയുള്ളവയാണ് മുന്നണി നേതൃത്വം ലക്ഷ്യമിടുന്നത്. സരിതയുടെ ആരോപണങ്ങളുടെ കുന്തമുന എ ഗ്രൂപ്പ് നേതാക്കള്‍ക്ക് എതിരാണെങ്കിലും ഐ ഗ്രൂപ്പ് നേതൃത്വവും ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നാണ് സൂചന.
Next Story

RELATED STORIES

Share it