wayanad local

ഇന്ന് പരിസ്ഥിതി ദിനം: നാടൊരുമിക്കുന്നു വരണ്ട ഭൂമിക്ക് കുടചൂടാന്‍

കല്‍പ്പറ്റ: വരണ്ട ഭൂമിക്ക് കുടചൂടാന്‍ നാടൊരുമിക്കുന്നു. മാറുന്ന ജൈവ ലോകത്തില്‍ ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാന്‍ ഹരിത വയനാട് പുനര്‍ജനിക്കുകയാണ്. നന്മയുടെ ഓര്‍മമരങ്ങളുമായി ജില്ലാ ഭരണകൂടവും മൂന്നു ലക്ഷം തൈകളുമായി വനവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും തയ്യാറെടുത്തു കഴിഞ്ഞു. വയനാടിന് ഹരിതാഭ ചൊരിയാന്‍ വിവിധ സംഘടനകളും തയ്യാറെടുത്തു കഴിഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ ഒമ്പതിന് മരത്തൈകള്‍ നട്ടുപടിപ്പിക്കും. മന്ത്രി ഡോ. ടി എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഒഴുക്കു നിലച്ച കാട്ടരുവിക്കും വരണ്ടുപോയ പുഴകള്‍ക്കും പുതുജീവന്‍ നല്‍കാന്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കൊരുമിക്കാമെന്ന സന്ദേശവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത 'ഓര്‍മരം' പദ്ധതിയുടെ ഭാഗമായി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. രാജ്യത്ത് ആദ്യമായാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കിയത്.
ഇതിന്റെ തുടര്‍ച്ചയായാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനവല്‍ക്കരണവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനവും വന്‍ ജന പങ്കാളിത്തത്തോടെ നടത്തുന്നത്.
മുന്‍കാലങ്ങളില്‍ നിന്നു വിഭിന്നമായി വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ ഭരണകൂടം, സാമൂഹിക വനവല്‍ക്കരണ വിഭാഗം, അമ്പലയവല്‍ ആര്‍എആര്‍എസ്, ഡിടിപിസി, എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ജില്ലാ നിര്‍മിതി കേന്ദ്ര, കബനി നദീതട സംരക്ഷണ സമിതി, എംഎന്‍ആര്‍ഇജിഎസ്, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it