Flash News

ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം : കേരളത്തില്‍ പ്രതിവര്‍ഷം വേണ്ടത് നാലര ലക്ഷം യൂനിറ്റ് രക്തം



തിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം ആവശ്യമുള്ളത് ശരാശരി നാലരലക്ഷം യൂനിറ്റ് രക്തം. ഇതില്‍ സന്നദ്ധ രക്തദാതാക്കളില്‍ നിന്നു ലഭിച്ചിട്ടുള്ളത് 40 ശതമാനം മാത്രമാണ്. 2020 ആവുമ്പോള്‍ ആവശ്യമായിവരുന്ന രക്തം 100 ശതമാനവും സന്നദ്ധ രക്തദാതാക്കളില്‍ നിന്നു ശേഖരിക്കുവാനാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ രക്തബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനും സന്നദ്ധരക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിവരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും അവബോധം വളര്‍ത്തിയെടുക്കുക എന്നതാണ് ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തംദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. ആരോഗ്യമുള്ള യുവത സന്നദ്ധരക്തദാന ശീലത്തിലേക്ക് എന്നുള്ളതാണ് ഈവര്‍ഷത്തെ ദിനാചരണ സന്ദേശം. സംസ്ഥാനത്ത് 167 അംഗീകൃത രക്തബാങ്കുകളുണ്ട്. ഇതില്‍ 36 എണ്ണം സര്‍ക്കാര്‍ മേഖലയിലും ബാക്കി സഹകരണ മേഖലയിലും സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ രക്തബാങ്കുകള്‍ക്ക് ആവശ്യമായ രക്തബാഗുകള്‍, കിറ്റുകള്‍, റീഏജന്റ്‌സ്, കണ്‍സ്യൂമബിള്‍സ് എന്നിവ ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയാണ് നല്‍കുന്നത്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധസമിതി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രമാണ് ഇവ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ രക്തദാനക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും രക്തദാതാക്കള്‍ക്കുള്ള ലഘുഭക്ഷണം നല്‍കുന്നതിനുമുള്ള തുക കെഎസ്എസിഎസ് സര്‍ക്കാര്‍ മേഖലയിലെ രക്തബാങ്കുകള്‍ക്ക് നല്‍കുന്നുണ്ട്. 55 ബ്ലഡ്ബാങ്ക് ടെക്‌നീഷ്യന്‍മാരെയും 31 കൗണ്‍സിലര്‍മാരെയും കെഎസ്എസിഎസ് നിയോഗിച്ചിട്ടുണ്ട്. 74 രക്തബാങ്കുകളിലാണ് രക്തഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സംവിധാനമുള്ളത്. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ മേഖലയിലാണ്. കൂടുതല്‍ സര്‍ക്കാര്‍ രക്തബാങ്കുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു. സന്നദ്ധ രക്തദാതാക്കള്‍ രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ശക്തികൂടിയാണ് ആര്‍ജിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും രക്തദാന ക്യാംപുകളിലും രക്തം ദാനം ചെയ്യാം. സന്നദ്ധ രക്തദാന പ്രോല്‍സാഹന പരിപാടിയുടെ ഭാഗമായി സഞ്ചരിക്കുന്ന രക്തബാങ്ക് എന്ന ശീതീകരിച്ച ബസ്സില്‍ രക്തശേഖരണം നടത്തുന്നുണ്ട്. കൂടാതെ രക്തദാന ക്യാംപുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിന് എല്ലാ ജില്ലകളിലും ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്.
Next Story

RELATED STORIES

Share it