Flash News

ഇന്ന് കിക്കോഫ്; ലോകം റഷ്യയിലേക്ക്‌

മോസ്‌കോ: കാത്തുകാത്തിരുന്ന കാല്‍പ്പന്തുകളിയുടെ ലോകമാമാങ്കത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം. ഇനി ഒരു മാസം എല്ലാ കണ്ണും കാതും റഷ്യയിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ 11 നഗരങ്ങളില്‍ 12 സ്‌റ്റേഡിയങ്ങളിലായാണ് കളിരാജാക്കന്മാര്‍ കൊമ്പുകോര്‍ക്കുക. 80,000 പേര്‍ക്ക് ഇരിക്കാവുന്ന ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് തുടങ്ങുന്ന ഗ്രൂപ്പ് എയിലെ സൗദി അറേബ്യ-റഷ്യ മല്‍സരത്തോടെയാണ് കളിയുല്‍സവത്തിന് കിക്കോഫ്.
മല്‍സരത്തിന്റെ അരമണിക്കൂര്‍ മുമ്പാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. ചടങ്ങുകള്‍ക്ക് റഷ്യ വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നതിനാല്‍ സമയദൈര്‍ഘ്യം കുറച്ചിട്ടുണ്ട്. 2002 ലോകകപ്പ് ബ്രസീലിന് സമ്മാനിച്ച ഇതിഹാസതാരം റൊണാള്‍ഡോയും ലോകശ്രദ്ധ നേടിയ ബ്രിട്ടിഷ് സംഗീതജ്ഞന്‍ റോബി വില്യംസും റഷ്യന്‍ ഓപറ ഗായിക എയ്ഡ എരുഫുല്ലിനയും ലുഷ്‌നികിയെ ആനന്ദനൃത്തം ചവിട്ടിക്കും.
ഒപ്പം ചടുലമായ റഷ്യന്‍ നൃത്തച്ചുവടുകളുമായി 500ലേറെ നര്‍ത്തകര്‍ വേദിയെ ഇളക്കിമറിക്കും. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സംഗീതത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനു വേണ്ടി ഇംഗ്ലണ്ടില്‍നിന്നുള്ള വിഖ്യാത ഗായകരും വേദിയിലെത്തും. 2018 ലോകകപ്പ് ഔദ്യോഗികഗാനത്തിന് ഈണമിട്ട വില്‍ സ്മിത്തും നിക്കി ജാമും എറാ ഇസ്‌ത്രേഫിയും ഉദ്ഘാടന മല്‍സരത്തിനു തൊട്ടുമുമ്പ് ലിവ് ഇറ്റ് അപ് ഒന്നുകൂടി ലോകജനതയ്ക്കു മുന്നില്‍ ആലപിക്കും. ഇതോടെ ആദ്യമല്‍സരത്തിന് വിസില്‍ മുഴങ്ങുകയായി. ആതിഥേയരായ റഷ്യയും ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുമെന്ന് കരുതുന്ന സൗദി അറേബ്യയും ജയം മാത്രം മനസ്സിലുറപ്പിച്ച് പന്തിന് പിന്നാലെ കുതിക്കുമ്പോള്‍ ലുഷ്‌നികിയുടെ പുല്‍നാമ്പുകള്‍ക്ക് തീപ്പിടിക്കും.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് 2018ലെ ലോകകപ്പ് ഫുട്‌ബോളില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലായി 48 മല്‍സരങ്ങള്‍ക്കുശേഷം ഈ മാസം 30ന് പ്രീക്വാര്‍ട്ടറും തുടര്‍ന്ന് അടുത്തമാസം ആറിന് ക്വാര്‍ട്ടര്‍ ഫൈനലും 10ന് സെമി ഫൈനലും അരങ്ങേറും.
ജൂലൈ 15ന് ഉദ്ഘാടനവേദിയില്‍ തന്നെയാണ് കലാശക്കളിയും.
Next Story

RELATED STORIES

Share it