Flash News

ഇന്ന് കലാശക്കൊട്ട്; ചെന്നൈയിനും ബംഗളൂരുവും നേര്‍ക്കുനേര്‍

ഇന്ന് കലാശക്കൊട്ട്; ചെന്നൈയിനും ബംഗളൂരുവും നേര്‍ക്കുനേര്‍
X


ബംഗളൂരു: ഇന്ത്യയുടെ കാല്‍പന്ത് പൂരത്തിന്റെ നാലാം സീസണിന്റെ കിരീടവകാശിയെ ഇന്നറിയാം. അഞ്ചുമാസത്തോളം നീണ്ടുനിന്ന ഐഎസ്എല്ലിന്റെ ഫൈനലില്‍ ബംഗളൂരുവും ചെന്നൈയിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ക്കിത് ആവേശ സമയം. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മല്‍സരം നടക്കുന്നത്.

കിരീടം ചൂടാന്‍ ബംഗളൂരു
ഐ ലീഗില്‍ നിന്ന് ഐഎസ്എല്ലിലേക്ക് കൂടുമാറിയെത്തിയ ബംഗളൂരു ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പുറത്തെടുത്തത്. പ്രഥമ സീസണില്‍ത്തന്നെ കളിക്കരുത്തുകൊണ്ട് ആരാധകരെ ത്രസിപ്പിച്ച ബംഗളൂരുപ്പട ഫൈനലില്‍ സ്വന്തം തട്ടകത്തില്‍ ബൂട്ടണിയുമ്പോള്‍ കിരീട സാധ്യതയും അവര്‍ക്കൊപ്പംതന്നെയാണ്. മൂര്‍ച്ചയേറിയ മുന്നേറ്റനിരയ്‌ക്കൊപ്പം കളിമികവില്‍ കൈയടി നേടുന്ന മധ്യനിരയും പ്രതിരോധവുമാണ് ബംഗളൂരുവിന്റെ കരുത്ത്. കൂടാതെ സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ വിസ്മയ താരവും ബംഗളൂരുവിനൊപ്പം പന്ത് തട്ടുമ്പോള്‍ എതിര്‍ കോട്ടകള്‍ ഭയക്കുകതന്നെ ചെയ്യണം.എഎഫ്‌സി കപ്പ് ഫൈനല്‍ കളിച്ച ബംഗളൂരുവിന്റെ പ്രകടന മികവ് എന്തെന്ന് ഐഎസ്എല്ലില്‍ ഏറ്റുമുട്ടിയ എതിരാളികളെല്ലാം നന്നായി അറിഞ്ഞു. ഈ സീസണില്‍ കളിച്ച 18 മല്‍സരങ്ങളില്‍ 13ലും ജയിച്ച് ബംഗളൂരുവായിരുന്നു ആദ്യം സെമിയിലും സീറ്റുറപ്പിച്ചത്. നാല് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരു മല്‍സരത്തില്‍ സമനിലയും പിണഞ്ഞു. എങ്കിലും എട്ട് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്തായാണ് ബംഗളൂരുവിന്റെ സെമി പ്രവേശനം. സെമിയില്‍ ഇരു പാദങ്ങളിലുമായി പൂെനയെ 3 - 1ന് തകര്‍ത്താണ് ബംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ കാല്‍പന്തില്‍ നേട്ടങ്ങള്‍ കൊയ്ത ചരിത്രമാണ് ബംഗളൂരുവിനുള്ളത്. ഐ ലീഗിന്റെ പ്രഥമ സീസണില്‍ത്തന്നെ കിരീടമുയര്‍ത്തിയ ബംഗളൂരു ഐഎസ്എല്ലിന്റെ പ്രഥമ സീസണിലും നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2014 വര്‍ഷം ഫെഡറേഷന്‍ കപ്പില്‍ വിജയിച്ച ബംഗളൂരു 2015 - 16 സീസണിലെ ഐ ലീഗ് കിരീടവും 2016-17 സീസണില്‍ വീണ്ടും ഫെഡറേഷന്‍ കപ്പ് കിരീടവും സ്വന്തമാക്കി കരുത്തുകാട്ടിയാണ് ഐഎസ്എല്ലിലേക്ക് ചേക്കേറിയത്. 'എഎഫ്‌സി കപ്പ് മല്‍സരങ്ങള്‍ ഉള്ളതിനാല്‍ മറ്റു ടീമുകളേക്കാള്‍ നേരത്തെ തന്നെ ഞങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. അത് കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി ഒരു പടി കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. ആരാധകരുടെ പിന്തുണ എപ്പോഴും ഞങ്ങള്‍ക്കുണ്ട്.മല്‍സരം കടുത്തതാകും. മികച്ച ടീമാണ് ചെന്നൈയിന്‍. ഈ സീസണിലെ ഏറ്റവും മികച്ച മല്‍സരമാവും ഇത്.' ബംഗളൂരു എഫ്‌സി കോച്ച് ആല്‍ബര്‍ട്ട് റോക്ക പറഞ്ഞു.

ശക്തരാണ് ചെന്നൈയിനും
ബംഗളൂരുവിനെതിരാളികളായെത്തുന്ന ചെന്നൈയിന്‍ നിരയും അതിശക്തര്‍ തന്നെയാണ്. 2015ലെ ഐഎസ്എല്ലില്‍ കിരീടം ചൂടിയ ചെന്നൈയിന്‍ നിര രണ്ടാം ഐഎസ്എല്‍ കിരീടം സ്വപ്‌നം കണ്ടാണ് ബംഗളൂരുവില്‍ പോരിനിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയിന്‍ ഇത്തവണ സെമിയില്‍ കടന്നത്. 18 മല്‍സരങ്ങളില്‍ ഒമ്പത് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായിരുന്നു ചെന്നൈയിന്റെ സമ്പാദ്യം. എഫ്‌സി ഗോവയെ ഇരു പാദങ്ങളിലുമായി 4-1ന് തകര്‍ത്താണ് ചെന്നൈയിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം പാദ സെമിയില്‍ ഇരട്ട ഗോള്‍ നേടിയ ജെജെ ലാല്‍ പെഖുലുവയാണ് ചെന്നൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.നേരത്തെ ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ 2-1ന് മുട്ടുകുത്തിച്ച് ആത്മവിശ്വാസം ചെന്നൈയിനുണ്ട്. 'ഞങ്ങള്‍ ചെന്നൈയിന്‍ എഫ്‌സിയാണ്. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല. ഏറെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഫൈനലില്‍ കളിക്കുക. ബംഗളൂരുവില്‍ നേരത്തെ ഞങ്ങള്‍ വിജയിച്ചതാണ്. അവരുടെ നേട്ടത്തെ ഞങ്ങള്‍ കുറച്ച് കാണുന്നുമില്ല'. ചെന്നൈയില്‍ എഫ്‌സി കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.
Next Story

RELATED STORIES

Share it