Alappuzha local

ഇന്ന് എസ്എസ്എല്‍സി പരീക്ഷ; വിജയം തേടി ജില്ലയില്‍ 26223 പേര്‍

ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ജില്ലയില്‍ 26223 വിദ്യാര്‍ഥികള്‍ ഇന്നു പരീക്ഷാ കേന്ദ്രങ്ങളിലേക്ക്.
മല്‍സര രംഗത്തു കഴിഞ്ഞ വര്‍ഷത്തെപോലെ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍ 13864 പേര്‍. ആണ്‍കുട്ടികള്‍ പിറകിലാണ്. 12359 പേര്‍. പരീക്ഷാ നടത്തിപ്പിനു ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലായി 199 പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1620 അധ്യാപകരെ പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുമുണ്ട്.
പരീക്ഷാ ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ വിവിധ സ്‌കൂളുകളില്‍ സന്ദര്‍ശിക്കും. ചേര്‍ത്തല, ആലപ്പുഴ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ രണ്ടുവാഹനങ്ങളിലായി ചോദ്യക്കടലാസുകള്‍ എത്തിച്ചു. കുട്ടനാട്ടിലേക്ക് ഒരു വാഹനത്തിലും പോലിസ് അകമ്പടിയോടെയാണ് ചോദ്യക്കടലാസുകള്‍ എത്തിച്ചത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ ആരംഭിക്കുന്നത്. 23നു പരീക്ഷ അവസാനിക്കും.
അതേ സമയം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സഹായിയെ അനുവദിച്ചുള്ള ഉത്തരവ് ഇതുവരെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിക്കാത്തത് രക്ഷകര്‍ത്താക്കളെ ആശങ്കയിലാക്കി. ഫെബ്രുവരി പകുതിയിലാണ് പ്രാരംഭ നടപടിയെന്ന നിലയില്‍ മെഡിക്കല്‍ ക്യാംപ് നടത്തിയത്. വൈകല്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്, സഹായിയെ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ അപേക്ഷ തുടങ്ങിയ രേഖകള്‍ ജില്ലാവിദ്യാഭ്യാസ ഓഫിസില്‍ നിന്നു പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്.
ഡയറക്ടറേറ്റില്‍ നിന്നു ഉത്തരവുകള്‍ ഇറങ്ങിയശേഷം പരീക്ഷാ സഹായിയാകാന്‍ രക്ഷിതാവിന്റെ സമ്മത പത്രമടക്കം വാങ്ങി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കുകയും വേണം. ഈ നടപടി ക്രമം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ. പരീക്ഷാ സഹായി ഇല്ലാതെ പരീക്ഷയെഴുതേണ്ട സ്ഥിതിയിലാണ് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it