Cricket

ഇന്ന് ഇന്ത്യക്ക് അഭിമാന പോരാട്ടം, സ്‌റ്റെയിന്റെ അഭാവത്തിലും മൂര്‍ച്ചകുറയാതെ ദക്ഷിണാഫ്രിക്ക

ഇന്ന് ഇന്ത്യക്ക് അഭിമാന പോരാട്ടം, സ്‌റ്റെയിന്റെ അഭാവത്തിലും മൂര്‍ച്ചകുറയാതെ ദക്ഷിണാഫ്രിക്ക
X

സെഞ്ചൂറിയന്‍: കളിക്കളത്തിലെ തോല്‍വിക്കണക്കുകള്‍ക്ക് വിജയം കൊണ്ട് മറുപടി പറയുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിന് ഇന്ന് അഭിമാനപോരാട്ടം. പുത്തന്‍ തന്ത്രങ്ങളും കണക്കുകൂട്ടലുകളുമായി സെഞ്ചൂറിയനില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ കളിക്കളത്തില്‍ പോരാട്ടച്ചൂടേറും. കേപ്ടൗണ്ടിലെ ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിരാടും സംഘവും പോരിനിറങ്ങുമ്പോള്‍ ജയം ആവര്‍ത്തിക്കാനുറച്ചാവും ആതിഥേയരുടെ പടപ്പുറപ്പാട്.

ജയം ഇന്ത്യക്ക് നിര്‍ണായകം

കേപ്ടൗണ്ടിലെ വേഗപ്പിച്ചില്‍ ജയിക്കാവുന്ന മല്‍സരത്തെ കൈവിട്ടു കളഞ്ഞ ഇന്ത്യക്ക് ഇന്നത്തെ ജയം അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ ഒരു വര്‍ഷം ടെസ്റ്റില്‍ ജയം മാത്രം കണ്ട് ശീലിച്ച ഇന്ത്യയ്ക്ക് പെരുമ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ വേഗമൈതാനത്ത് ഇന്ത്യയുടെ വീര ബാറ്റ്‌സ്മാന്‍മാര്‍ പരിഹാസ കഥാപാത്രങ്ങളാവുന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. വിദേശ മണ്ണില്‍ അവസരത്തിനൊത്ത് ബാറ്റിങില്‍ ഉയരാന്‍ വിരാടിനും സംഘത്തിനും കഴിയുന്നില്ല. ഓപണിങില്‍ മുരളി വിജയ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ശിഖര്‍ ധവാന്റെ ബാറ്റിങ് നിരാശയാണ് സമ്മാനിക്കുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അനാവശ്യ ഷോട്ടിലൂടെ പുറത്തായ ധവാന് പകരം യുവതാരം കെ എല്‍ രാഹുല്‍ ഓപണിങില്‍ കളിക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്. മുന്‍നിരയില്‍ വിദേശ മൈതാനങ്ങളിലും വന്‍മതില്‍ പ്രകടനം പുറത്തെടുക്കുന്ന ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‌ലിയും കരുത്തുപകരാനുണ്ടെങ്കിലും ഇരുവരുടെയും ആദ്യ ടെസ്റ്റിലെ പ്രകടനം മികവിനൊത്തായിരുന്നില്ല. മധ്യനിരയില്‍ രോഹിത് ശര്‍മക്ക് ഒരവസരം കൂടി നല്‍കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വിദേശത്ത് മികച്ച ശരാശരിയുള്ള അജിന്‍ക്യ രഹാനെക്ക് വീണ്ടും കാത്തിരിക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേലിന് അവസരം നല്‍കാനാണ് സാധ്യത.ബൗളിങില്‍ മികവിനൊത്ത പ്രകടനം തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുക്കുന്നത്. മുഹമ്മദ് ഷമിക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം കേപ്ടൗണിലൂടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബൂംറയും ആദ്യ മല്‍സരം ഗംഭീരമാക്കി. ബൗണ്‍സിനെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയന്‍ മൈതാനത്ത് ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ കളിക്കാനാണ് സാധ്യത.

ജയം തുടരാന്‍ ആതിഥേയര്‍
സ്വന്തം കളിതട്ടില്‍ ജയത്തോടെ പരമ്പര പിടിക്കാനുറച്ചാവും ദക്ഷിണാഫ്രിക്ക പാഡണിയുക. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയിന്റെ പരിക്ക് മാത്രമാണ് ടീമിന്റെ തലവേദന. സ്റ്റെയിന്റെ അഭാവത്തില്‍ യുവ ഫാസ്റ്റ്ബൗളര്‍ ലൂംഗി എങിഡി ദക്ഷിണാഫ്രിക്കന്‍ നിരയിലിറങ്ങിയേക്കും. കേപ്ടൗണ്ടില്‍ മിന്നിത്തിളങ്ങിയ വെര്‍ണോന്‍ ഫിലാണ്ടറും മോണി മോര്‍ക്കലും കഗിസോ റബാദയും മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. ബാറ്റിങില്‍ എബി ഡിവില്ലിയേഴ്‌സിന്റെ മിന്നും ഫോമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. എല്‍ഗറും ഡുപ്ലെസിസും അംലയുമെല്ലാം ബാറ്റുകൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ആദ്യ മല്‍സരം ജയിച്ച് പരമ്പരയില്‍ 1-0ന് മുന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ഈ മല്‍സരത്തില്‍ കൂടി വിജയം പിടിച്ചാല്‍ ഇന്ത്യക്ക് നാണക്കേടോടെ വണ്ടികയറേണ്ടി വരും.
Next Story

RELATED STORIES

Share it