ഇന്ന് അയ്യങ്കാളിയുടെ 75ാം ചരമദിനം; ചേരിപ്പോരില്‍ ചെങ്ങറ സമരം

എസ് നിസാര്‍

പത്തനംതിട്ട: ഭൂമിക്കു വേണ്ടിയുള്ള അടിസ്ഥാനവര്‍ഗത്തിന്റെ ശബ്ദത്തിന് രാജ്യാന്തരമാനങ്ങള്‍ പോലും നല്‍കിയ ചെങ്ങറ ഭൂസമരം, പത്താംവര്‍ഷത്തിലേക്ക് എത്തുമ്പോള്‍, ആഭ്യന്തരകലഹത്തില്‍പ്പെട്ട് അപചയത്തിന്റെ വക്കില്‍. ദലിത് നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ 75ാം പരിനിര്‍വഹണ ദിനം ഇന്ന് ആചരിക്കുമ്പോള്‍, ചെങ്ങറ സമരനായകന്‍ ളാഹ ഗോപാലന്‍ സമരഭൂമിയില്‍ ഇല്ല. ചെങ്ങറയില്‍ നിന്ന് സര്‍വതും ഉപേക്ഷിച്ച അദ്ദേഹം പത്തനംതിട്ടയിലെ ഓഫിസിലാണുള്ളത്. ഗോപാലനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി എതിര്‍വിഭാഗം രംഗത്തെത്തിയിരിക്കുന്നു.
കഴിഞ്ഞ 9 വര്‍ഷം ചെങ്ങറ സമരഭൂമിയില്‍ നടന്ന അയ്യങ്കാളി ചരമദിനാചരണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 182 സംഘടനകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാല്‍, ളാഹ ഗോപാലനില്ലാത്ത സമരഭൂമിയില്‍ ഇന്നുനടക്കുന്ന ചടങ്ങുകളില്‍ സമരക്കാരല്ലാതെ മറ്റാരുമില്ല.
ഏറെക്കാലമായി സമരഭൂമിയില്‍ ഉടലെടുത്ത ചേരിതിരിവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ദിനത്തില്‍ സംഘര്‍ഷത്തില്‍ എത്തിയതോടെയാണ് ളാഹ ഗോപാലന്‍ സമരഭൂമി ഉപേക്ഷിച്ചത്. സാധുജന വിമോചന സംയുക്തവേദിയുടെ പത്തനംതിട്ട ഓഫിസിലാണ് ളാഹ ഗോപാലനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 14 കുടുംബങ്ങളും നിലവിലുള്ളത്. അതേസമയം, സമരഭൂമിയിലുള്ളവര്‍ ടി ആര്‍ ശശി മാങ്കോടിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. ളാഹ ഗോപാലന്‍ അടിസ്ഥാന വര്‍ഗത്തിന്റെ ചോര ഊറ്റിക്കുടിക്കുന്ന ക്രിമിനലാണെന്നു തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് ടി ആര്‍ ശശി പറഞ്ഞു. സമരഭൂമിയിലെ പുരുഷന്‍മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ളാഹ ഗോപാലന്‍ അസഭ്യം പ്രചരിപ്പിക്കുകയാണെന്നും ശശിയും കൂട്ടരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമരഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച ചിലരെ തങ്ങള്‍ എതിര്‍ത്തപ്പോള്‍ അവരെ സംരക്ഷിക്കുന്ന നയമാണ് ളാഹഗോപാലന്‍ സ്വീകരിച്ചത്. ഇത്രയും കാലം തങ്ങളെ ബന്ധുമിത്രാദികളില്‍ നിന്നും പുറംലോകത്തു നിന്നും അകറ്റി കൂട്ടിലടച്ച കിളികളെ പോലെയാണ് ളാഹ ഗോപാലന്‍ നയിച്ചത്. ഇപ്പോള്‍ സമരഭൂമിയില്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം, സമരഭൂമിയിലുള്ളവരുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ളാഹ ഗോപാലന്‍ പറയുന്നത്. പുറത്തുനിന്നുള്ള ശക്തികള്‍ സമരക്കാരെ വഴിതിരിച്ചു വിട്ടതോടെ ചെങ്ങറ സമരം പൂര്‍ണ പരാജയമടഞ്ഞു.
കഴിഞ്ഞ ആഗസ്ത് നാലിന് രാത്രി പത്തുമണിയോടെയാണ് ഹാരിസണ്‍സ് മലയാളം കമ്പനിയുടെ അധീനതയിലുള്ള ചെങ്ങറ തോട്ടത്തില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം കുടില്‍കെട്ടി സമരം ആരംഭിച്ചത്. തുടര്‍ന്ന് പോലിസിന്റെയും സര്‍ക്കാരിന്റെയും ട്രേഡ് യൂനിയനുകളുടെയും ശക്തമായ എതിര്‍പ്പിനിടയിലും സമരം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടുന്ന നിലയില്‍ വളര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it